ഒരു കുഞ്ഞൻമുയലാണ് കിട്ടു. അവന് മുൻവശത്തുള്ള പല്ലുകൾ വരുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ പച്ചക്കറികളെല്ലാം അമ്മ ചെറുതായി അരിഞ്ഞാണ് അവന് കൊടുക്കാറുള്ളത്. ഒരുദിവസം പെട്ടെന്ന് അവന് രണ്ട് പല്ലുകൾ മുളച്ചു. “അയ്യേ, ഇപ്പോ എന്നെ കാണാൻ ഒരു ഭംഗിയുമില്ല!'' അവന് ആ ചക്കപ്പല്ലുകൾ ഒട്ടും ഇഷ്ടമായില്ല. എല്ലാവരും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ കരച്ചിലോടു കരച്ചിൽ തന്നെ! അപ്പോഴാണ് അച്ഛൻമുയൽ കുറേ തുടുത്ത കാരറ്റുമായി വന്നത്. അതിൽ നിന്ന് ഒന്നെടുത്ത് അമ്മ അവനു നേരെ നീട്ടി. “ഇത് കടിച്ച് നോക്കിയേ!''
കിട്ടു മനസ്സില്ലാമനസ്സോടെ കാരറ്റ് കടിച്ചു. “ഹായ്, എന്തു രുചി!'' - അവൻ നിമിഷനേരം കൊണ്ട് തന്റെ പുത്തൻ ചക്കപ്പല്ലുകൾ ഉപയോഗിച്ച് അതെല്ലാം കറുമുറെ തിന്നു.
അപ്പോൾ അവന്റെ മുഖത്ത് ഒരു കൊച്ചുപുഞ്ചിരി വിരിഞ്ഞു. “ഈ പല്ലുകാരണമാ ഇത് കഴിക്കാനായത്. ഞാനിനി കരയില്ല!'', അവൻ പറഞ്ഞു.
ഓരോരുത്തർക്കും ഓരോ പ്രത്യേകതകൾ ഉണ്ടാകും. അത് തിരിച്ചറിയുന്നവർക്കേ വിജയിക്കാനാവൂ എന്ന് ഓർക്കണേ.