ഒരു പച്ചക്കറിക്കടയിൽ പഴുത്തുതുടുത്ത ഒരു തക്കാളിക്കുട്ടൻ ഉണ്ടായിരുന്നു. തക്കാളിക്കുട്ടൻ എന്നും മറ്റ് പച്ചക്കറികളായ മുരിങ്ങാക്കോലിനെയും പാവയ്ക്കയെയുമെല്ലാം കളിയാക്കും.
“അയ്യേ, നിങ്ങളെ കാണാൻ ഒരു ഭംഗിയുമില്ല. എന്നെ കാണാൻ എന്തു ചന്തമാ!'', അതു കേൾക്കുമ്പോൾ മറ്റ് പച്ചക്കറികൾക്ക് സങ്കടമാകും. ഒരു ദിവസം തക്കാളി വാങ്ങാൻ ഒരാൾ കടയിലെത്തി.
അയാൾ തക്കാളി എടുക്കുന്നതിനിടെ നമ്മുടെ തക്കാളിക്കുട്ടൻ നിലത്ത് വീണു. പഴുത്തുതുടുത്ത തക്കാളിയല്ലേ? നിലത്ത് വീണതും അത് 'ടപ്പ്' എന്നുപൊട്ടി. അതോടെ കടക്കാരൻ തക്കാളിക്കുട്ടനെ എടുത്ത് ദൂരെ എറിഞ്ഞു. അങ്ങനെ അഹങ്കാരിയായ തക്കാളിക്കുട്ടന്റെ കഥയും കഴിഞ്ഞു...