പാവത്താനായ ആനക്കുട്ടിയാണ് ജംബു. ഒരുദിവസം അവൻ നോക്കുമ്പോൾ ജില്ലക്കുരങ്ങൻ കാട്ടുവള്ളിയിലൂടെ തൂങ്ങിയാടി കളിക്കുന്നു. അതുകണ്ട് ജംബുവിന് ഹരമായി. അവൻ പറഞ്ഞു:
എന്നേംകൂടി കൂട്ടാമോ?
കാട്ടുവള്ളിയിലൂയലാടാൻ
എന്നേംകൂടി കൂട്ടാമോ?
“ഹും, ഒന്നു പോടോ പൊണ്ണച്ചാരെ... ഊഞ്ഞാലാടണം പോലും. പൊണ്ണത്തടിയനായ നിന്റെ ഭാരം താങ്ങാനൊന്നും ഈ ഊഞ്ഞാലിന് കഴിയില്ല!", ജില്ലു അവനെ ആട്ടിയോടിച്ചു.
പാവം ജംബു. അവന് സങ്കടമായി. അവൻ കരഞ്ഞുകൊണ്ട് അമ്മയുടെ അരികിൽ ഓടിച്ചെന്ന് പറഞ്ഞു: “അമ്മേ... ജില്ലുക്കുരങ്ങൻ എന്നെ കളിയാക്കി. എനിക്ക് ഊഞ്ഞാലാടണം. ങ്ഹീ..... ", ജംബു വാശി പിടിച്ചു.
അവന്റെ കരച്ചിൽ കേട്ടെത്തിയ രണ്ട് പിടിയാനകൾ ചേർന്ന് മുൻകാലിലും പിൻകാലിലും പിടിച്ച് അവനെ ഊഞ്ഞാലാട്ടി. പക്ഷേ, ജംബുവിന് അത് തീരെ ഇഷ്ടമായില്ല. അവൻ താഴെയിറങ്ങി. എന്നിട്ട് പറഞ്ഞു:
" കാട്ടുമരക്കൊമ്പിലുള്ള
നീളമുള്ള വള്ളിയിന്മേൽ
തൂങ്ങിയാടിപ്പാടിടേണം
കാറ്റിനൊപ്പം നീങ്ങിടേണം!''
ഒടുവിൽ അമ്മപ്പിടിയാനയും കൂട്ടുകാരികളും ജംബുവിനെയും കൂട്ടി ജില്ലുക്കുരങ്ങൻ തൂങ്ങിയാടുന്ന മരത്തിലെ വള്ളിയുടെ സമീപത്തെത്തി. എന്നിട്ട് തുമ്പിക്കൈ നീട്ടി വള്ളിപിടിച്ച് ബലമായി വലിച്ചു. അതോടെ മരക്കൊമ്പാടിഞ്ഞ് താഴെ വീണു. ഒപ്പം ജില്ലുവും "പൊത്തോ'ന്ന് താഴെവീണു. അതുകണ്ട് ജംബു പൊട്ടിച്ചിരിച്ചു.
അവർ മുന്നോട്ടു നടന്നു. പല പല വള്ളികളും വലിച്ചുനോക്കി രക്ഷയില്ല. തൊടുമ്പോഴേ അവ പൊട്ടി നിലത്തുവീഴും. അങ്ങനെ നടന്നുനടന്ന് കൊടുങ്കാടിന് നടുവിൽ ഒരു വലിയ മരം അവർ കണ്ടെത്തി. വലിയ വലിയ കാട്ടു വള്ളികൾ ആ മരത്തിൽ തൂങ്ങിക്കിടപ്പുണ്ട്.
അമ്മപ്പിടിയാനയും കൂട്ടുകാരും അതിൽ വലിയ രണ്ട് വള്ളികൾ വലിച്ചുനോക്കി. “ഹായ്! കുഴപ്പമില്ല. നല്ല ബലമുള്ള വള്ളികൾ!''
ആ വള്ളികൾക്ക് നല്ല വണ്ണവുമുണ്ട്. അവർ ആ വള്ളികൾ കുട്ടിക്കെട്ടി വലിയൊരു ഊഞ്ഞാലുണ്ടാക്കി. എന്നിട്ട് ജംബുവിനെ കയറ്റിയിരുത്തി ആട്ടി. അതോടെ ജംബുവിന് ഉണ്ടായ സന്തോഷം പറയണോ? അവൻ സന്തോഷത്തോടെ ഉച്ചത്തിൽ ചിന്നം വിളിച്ചുകൊണ്ട് ആടി.
-- ഹരീഷ് ആർ. നമ്പൂതിരിപ്പാട്