പുരാണ കഥകളും ചരിത്ര കഥകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം കഥകളിൽ നാടിന്റെ സംസ്കാരവും പൈതൃകവും നിറഞ്ഞു നിൽക്കുന്നു.
ഒരിക്കൽ പരമശിവനും ബ്രഹ്മാവും തമ്മിൽ വലിയ വഴക്കുണ്ടായി. ശിവൻ ദേഷ്യത്തോടെ ബ്രഹ്മാവിനെ നോക്കി. ഈ സമയം ശിവന്റെ കോപത്തിൽ നിന്ന് ഒരു ഭീകരരൂപം പുറത്തു വന്നു.
ബ്രഹ്മാവിനു നേരേ പാഞ്ഞുചെന്ന ആ രൂപം ബ്രഹ്മാവിന്റെ ഒരു തല നുള്ളിയെടുത്തു. അങ്ങനെ, അഞ്ചു തലകളുണ്ടായിരുന്ന ബ്രഹ്മാവ് അന്നു മുതൽ നാലു തലകളായി!
ഭൈരവൻ എന്ന് അറിയപ്പെട്ട ആ ഭീകരൻ പിന്നീട് ശിവന്റെ സഹായിയായി കഴിഞ്ഞു. ദേവന്മാരെ ശല്യപ്പെടുത്തരുതെന്ന് ഭൈരവനോട് പറഞ്ഞു.
കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭൈരവൻ, ശിവൻ പറഞ്ഞതു വകവയ്‌ക്കാതെ ദേവന്മാരോട് ഏറ്റുമുട്ടി അവരെ തോൽപ്പിച്ചു. അതറിഞ്ഞ ശിവൻ ഭൈരവനോട് കോപിച്ചു. "നീയൊരു മരമായി പോകട്ടെ!"
അടുത്ത നിമിഷം ഭൈരവൻ ഒരു മരമായി മാറി. പേടിച്ചുപോയ ഭൈരവൻ ശിവനോട് മാപ്പ് ചോദിച്ചു. ദയ തോന്നിയ ശിവൻ ഭൈരവനെ അനുഗ്രഹിച്ചു. എന്നിട്ട് പറഞ്ഞു: "ഭൈരവാ, ദേവന്മാരെ പൂജിക്കുന്ന മനുഷ്യർ ഇനി മുതൽ നിന്നെക്കൂടി പൂജിക്കും!" അതുകേട്ട് ഭൈരവന് സന്തോഷമായി.
താതിരി എന്ന പേരിൽ ആ മരം പിന്നീട് അറിയപ്പെട്ടു.