ഒരു വികൃതി കുരങ്ങനാണ് മിക്കൻ. ഒരു ദിവസം അവൻ ഒരു മരം വെട്ടുകാരന്റെ കോടാലി തട്ടിയെടുത്തു. മിക്കൻ കോടാലിയുമായി നേരെ മരത്തിന്റെ മുകളിൽ കയറിയിരുന്നു. എന്നിട്ട് മരം വെട്ടുകാരനെ കളിയാക്കി. "കോടാലി തിരിച്ചുതരൂ, കുറേ വിറക് വെട്ടാനുള്ളതാ..." മരം വെട്ടുകാരൻ പറഞ്ഞു.
"ഇത് എനിക്ക് വേണം, വേഗം സ്ഥലം വിട്ടോ" മിക്കൻ പറഞ്ഞു.
അപ്പോൾ മരംവെട്ടുകാരന് ഒരു സൂത്രം തോന്നി. അയാൾ ചോദിച്ചു: "നിന്നെപ്പോലൊരു കുരങ്ങച്ചന് കോടാലി കിട്ടിയിട്ട് എന്ത് കാര്യം?"
"എന്ത് കാര്യമെന്നോ? ദാ, കണ്ടോളൂ.." ചോദ്യം കേട്ട് ദേഷ്യം വന്ന മിക്കൻ കുരങ്ങച്ചൻ അവനിരുന്ന മരക്കൊമ്പിൽ ആഞ്ഞു വെട്ടാൻ തുടങ്ങി.
വെട്ടുകൊണ്ട് അവനിരുന്ന മരക്കൊമ്പ് ഒടിഞ്ഞു താഴെ വീണു. കൂടെ മിക്കനും! "ഹയ്യോ! നടുവൊടിഞ്ഞേ!"
താഴെവീണ കോടാലിയും എടുത്ത് മരംവെട്ടുകാരൻ പോയി. മണ്ടത്തരം കാണിച്ച മിക്കൻ നാണിച്ചുപോയി....