പണ്ട് മഹാ പിശുക്കനായ ഒരു നാടുവാഴിയുണ്ടായിരുന്നു. ദയാ വർമൻ എന്നായിരുന്നു അയാളുടെ പേര്. എങ്കിലും പിശുക്കവർമൻ എന്നാണ് എല്ലാവരും നാടുവാഴിയെ വിളിക്കാറ്.
ഒരിക്കൽ നാടുവാഴിക്ക് ഭയങ്കരമായ വയറുവേദന പിടിപെട്ടു. മരുന്നു കഴിക്കാതെ എങ്ങനെയെങ്കിലും രോഗം മാറുമെങ്കിൽ മാറട്ടെ എന്നു കരുതി അയാൾ കുറച്ചു ദിവസം വേദന സഹിച്ചു കിടന്നു. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വന്നതേയുള്ളൂ. ഒടുവിൽ നാട്ടിലെ പേരുകേട്ട് വൈദ്യനായ കുപ്പുവിനെ തന്നെ പിശുക്കർമൻ ആളയച്ചു വരുത്തി.
നാടുവാഴിയെ പരിശോധിച്ച് വൈദ്യൻ പറഞ്ഞു: “പ്രഭോ, ഈ രോഗം ഞാൻ മാറ്റിത്തരാം. പക്ഷേ, പകരമായി എനിക്ക് ആയിരം പൊൻപണം തരണം."
ആയിരം പൊൻപണമെന്നു കേട്ടപ്പോൾ നാടുവാഴിയുടെ മുഖമൊന്നു ചുളിഞ്ഞു. പക്ഷേ വേദനയുടെ കാര്യമോർത്തപ്പോൾ പണം കൊടുക്കാമെന്നു തന്നെ നാടുവാഴി സമ്മതിച്ചു. കുപ്പുവൈദ്യൻ ഉടനെ അടുത്തുള്ള കാട്ടിൽ പോയി. കുറേ പച്ചമരുന്നുകൾ പറിച്ചുകൊണ്ടു വന്നു. എല്ലാം ഇടിച്ചു പിഴിഞ്ഞ് നാടുവാഴിക്കു കഴിക്കാൻ കൊടുത്തു. നാടുവാഴി മരുന്ന് ഒറ്റവലിക്ക് കുടിച്ചു തീർത്തു. അടുത്ത നിമിഷം ആ ദുഷ്ടന്റെ ഭാവം മാറി.
“ഹും! ഇവിടെ പണവുമില്ല, പൊന്നുമില്ല. വേഗം സ്ഥലം വിട്ടോ!', നാടുവാഴി കുപ്പുവിനു നേരെ തിരിഞ്ഞ് ആക്രോശിച്ചു. കുപ്പു ഒന്നും പറഞ്ഞില്ല. അയാൾ ഉള്ളിൽ ചിരിച്ചു കൊണ്ട് സ്ഥലംവിട്ടു.
പിന്നയല്ലേ രസം! കുറച്ചു കഴിഞ്ഞപ്പോൾ നാടുവാഴിക്ക് ഇരിക്കാൻ വയ്യ എന്ന സ്ഥിതിയായി. വയറുവേദന ഇരട്ടിയായി. ദേഹമൊക്കെ ചുട്ടു നീറുന്നപോലെ! ഹമ്മേ, ഞാനിപ്പോൾ ചത്തു പോകുമേ...", അയാൾ നിലവിളിച്ചുകൊണ്ട് തുള്ളാനും
ചാടാനും തുടങ്ങി. ഇതുകണ്ട് നാടു വാഴിയുടെ പരിചാരകൻമാർ ഉടനെ കുപ്പുവൈദ്യരെ തിരികെ വിളിച്ചു കൊണ്ടു വന്നു.
വൈദ്യരെ കണ്ടതും നാടുവാഴി പറഞ്ഞു: "വൈദ്യരേ, എന്നെ രക്ഷിക്കണേ... ഇതാ താങ്കൾ ചോദിച്ച ആയിരം പൊൻപണം....'
കുപ്പുവൈദ്യർ വേഗം പണക്കിഴി
വാങ്ങി, എന്നിട്ടു പറഞ്ഞു “പ്രഭോ, പിശുക്കനായ അങ്ങ് പണം തരില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാ ഞാൻ ചുട്ടു നീറ്റലുണ്ടാക്കുന്ന വേറൊരു മരുന്ന് ആദ്യം തന്നത്. ഇതാ വയറുവേദന മാറാനുള്ള ശരിയായ മരുന്ന് ഇതു കഴിച്ചാൽ ഏതു വേദനയും പമ്പകടക്കും !”
എന്നിട്ട് കുപ്പുവൈദ്യൻ മറ്റൊരു
മരുന്ന് നാടുവാഴിക്കു നൽകി. അതു കഴിച്ചപ്പോൾ പിശുക്കവർമന്റെ അസുഖവും മാറി. കുപ്പുവൈദ്യനാകട്ടെ, ഒരു ചിരിയോടെ പണക്കിഴിയുമായി വേഗം സ്ഥലം വിടുകയും ചെയ്തു. എന്തായാലും, പിശുക്കവർമന്റെ പിശുക്ക് അതോടെ തീർന്നു.