പുരാണ കഥകളും ചരിത്ര കഥകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം കഥകളിൽ നാടിന്റെ സംസ്കാരവും പൈതൃകവും നിറഞ്ഞു നിൽക്കുന്നു.
പരമശിവന്റെയും പാർവതിയുടെയും മകനാണ് ഗണപതി. വലിയ കുസൃതിയായിരുന്നു ഗണപതി.
ഒരിക്കൽ മഹാവിഷ്ണു കൈലാസത്തിൽ എത്തി. അവിടെയാണ് പരമശിവന്റെ താമസം. ശിവനും പാർവതിയും വിഷ്ണുവിനെ സ്വീകരിച്ചിരുത്തി. ഈ സമയം വിഷ്ണു തന്റെ കൈയിലിരുന്ന സുദർശനചക്രം അടുത്തുള്ള ഒരു പീഠത്തിൽ വച്ചു. എന്നിട്ട് ശിവനും പാർവതിയും കൊണ്ടുവച്ച പലഹാരങ്ങളും മറ്റും തിന്നാൻ തുടങ്ങി. ഈ സമയം ഉണ്ണിഗണപതി എന്തു ചെയ്തെന്നോ? സുദർശനചക്രം എടുത്ത് ഒറ്റവിഴുങ്ങൽ!
കുറേക്കഴിഞ്ഞ് തിരിച്ചുപോകാൻ നേരം സുദർശനചക്രം നോക്കിയ വിഷ്ണ അത് അവിടെയെങ്ങും കണ്ടില്ല, ഗണപതി അതെടുത്ത് വിഴുങ്ങിയതാണെന്ന് വിഷ്ണവിന് മനസ്സിലായി. വിഷ്ണ ഒരു സൂത്രം പ്രയോഗിച്ചു. കാൽ രണ്ടും പിണച്ചു വച്ചു. എന്നിട്ട് ഇടത്തേ കൈ കൊണ്ട് വലത്തേ ചെവിയും വലത്തേ കൈ കൊണ്ട് ഇടത്തേ ചെവിയും പിടിച്ച് കുനിയാനും നിവരാനും തുടങ്ങി. ഇതുകണ്ട് ഗണപതിക്ക് ചിരി വന്നു. ഗണപതി കുലുങ്ങിച്ചിരിച്ചു. പെട്ടെന്ന് സുദർശന ചക്രം വായിലൂടെ പുറത്തേക്ക് വന്നു!