ക്രിസ്മസ് കച്ചവടം! (Christmas Kachavadam)

Mashhari
1
കേമൻ കുറുക്കനും കോമൻ കരടിയും കൂട്ടുകാർ മാത്രമല്ല കൂട്ടുകൃഷിക്കാരും കൂട്ടുകച്ചവടക്കാരും കൂടിയായിരുന്നു. കാട്ടിലെ ഏറ്റവും സമ്പന്നരാണ് അവർ. എങ്കിലും പിന്നെയും പിന്നെയും പണമുണ്ടാക്കുന്നമെന്ന ചിന്തയാണ് രണ്ടാൾക്കും.
കുന്തിപ്പുഴയുടെ തീരത്ത് പച്ചക്കറി കൃഷി നടത്തി ചന്തയിൽ കൊണ്ടുപോയി വിറ്റ് അവർ ധാരാളം പണമുണ്ടാക്കി. വിളവെടുപ്പു കഴിഞ്ഞ വെള്ളരിപ്പാടം ഇപ്പോൾ വെറുതെ കിടക്കുകയാണ്.
''നാളെ ക്രിസ്മസല്ലേ, ഇവിടെ നമുക്കൊരു ക്രിസ്മസ് ട്രീ ഉണ്ടാക്കാം.'' കേമൻ പറഞ്ഞു.
''അതുണ്ടാക്കിയിട്ട് നമുക്കെന്താ നേട്ടം?'' കോമൻ ചോദിച്ചു.
''ട്രീയിൽ നമുക്ക് സമ്മാനപ്പൊതികൾ കെട്ടിത്തൂക്കാം. അതുകണ്ട് മൃഗക്കുട്ടികൾ വരുമ്പോൾ ഓരോ പൊതിയും പത്തു രൂപയ്ക്ക് വിൽക്കാം.'' കേമൻ തൻ്റെ ഐഡിയ വ്യക്തമാക്കി.
''രണ്ടു രൂപയുടെ ചീപ്പും ഒരു രൂപയുടെ കൺമഷിയും അൻപതു പൈസയുടെ ബലൂണുമൊക്കെ സമ്മാനപ്പൊതിക്കുള്ളിൽ വെക്കാം. ഒറ്റ ദിവസം കൊണ്ട് ഒരുപാട് ലാഭമുണ്ടാക്കാം.'' കോമൻ കൂട്ടിച്ചേർത്തു.
രണ്ടുപേരും ചേർന്ന് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ചന്തയിൽ പോയി ലൊട്ടു ലൊടുക്കു സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് അവർ സമ്മാനപ്പൊതികളിലാക്കി കെട്ടിത്തൂക്കി. ട്രീയുടെ മുകളിൽ ഒരു നക്ഷത്ര വിളക്കും ഫിറ്റു ചെയ്തു.
സന്ധ്യയായപ്പോൾ രണ്ടുപേരും ഓരോ ചെണ്ടയെടുത്ത് കൊട്ടാൻ തുടങ്ങി. ചെണ്ടകൊട്ടു കേട്ട് മൃഗക്കുട്ടികൾ ഓടി വന്നു. അപ്പോൾ കേമനും കോമനും ഒരേ സ്വരത്തിൽ പാടി.
ക്രിസ്മസ് വന്നതറിഞ്ഞില്ലേ
സമ്മാനങ്ങൾ വാങ്ങേണ്ടേ
ക്രിസ്മസ് ട്രീയിൽ നിറയേയുണ്ടേ
കുഞ്ഞുങ്ങൾക്കായ് സമ്മാനം.
മുയൽക്കുട്ടനും കടുവക്കുഞ്ഞും സമ്മാനം വാങ്ങാൻ ഓടിയെത്തി. അപ്പോൾ കേമൻ പറഞ്ഞു:
''പത്തു രൂപ തന്നിട്ട് ഇഷ്ടമുള്ള സമ്മാനം പറിച്ചെടുത്തോളൂ.''
മൃഗക്കുട്ടികൾ നിരാശരായി. അവരുടെ കയ്യിൽ പണമില്ലായിരുന്നു. എല്ലാ മൃഗക്കുട്ടികളും അവരുടെ അച്ഛനമ്മമാരേ സമ്മാനം വാങ്ങാൻ പണത്തിനായി ശല്യപ്പെടുത്താൻ തുടങ്ങി.
ആ സമയം ക്രിസ്മസ് അപ്പൂപ്പൻ തൻ്റെ ഒറ്റക്കലമാൻ വലിക്കുന്ന തെന്നുവണ്ടിയിൽ ആകാശത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. കാടിനു നടുവിൽ ക്രിസ്മസ് ട്രീയും ചെണ്ടകൊട്ടും കൂട്ടം കൂടി നിൽക്കുന്ന മൃഗങ്ങളെയും കണ്ട് അപ്പൂപ്പൻ വണ്ടി താഴെയിറക്കി. സമ്മാനത്തിനായി കരയുന്ന മൃഗക്കുഞ്ഞുങ്ങളെക്കുണ്ട് ക്രിസ്മസ് അപ്പൂപ്പന് അലിവു തോന്നി. അവരോട് അപ്പൂപ്പൻ പറഞ്ഞു:
ക്രിസ്മസ് രാവിൽ കുട്ടികളാരും
വെറുതേയിങ്ങനെ കരയരുതേ
സന്തോഷത്തോടോടിയണഞ്ഞാൽ  നൽകീടാം ഞാൻ സമ്മാനം.
അപ്പൂപ്പൻ ഓരോ മൃഗക്കുഞ്ഞിനും സൗജന്യമായി ഓരോ സമ്മാനം നൽകി. മൃഗക്കുഞ്ഞുങ്ങൾ സമ്മാനവും വാങ്ങി അപ്പൂപ്പന് നന്ദി പറഞ്ഞ് കൂടുകളിലേക്ക് പോയി.
അപ്പൂപ്പൻ്റെ വണ്ടിയിലെ സമ്മാനപ്പൊതികളൊക്കെ കാലിയായിരുന്നു. അപ്പൂപ്പൻ കേമനോടും കോമനോടും ചോദിച്ചു:
''നിങ്ങൾ ക്രിസ്മസ് സമ്മാനം വിൽപ്പന നടത്തുകയാണല്ലേ? ആട്ടെ, നിങ്ങളുടെ പക്കൽ എത്ര സമ്മാനപ്പൊതികളുണ്ട്? എത്രയാണ് വില?''
''ഇരുനൂറ് സമ്മാനപ്പൊതികളുണ്ട്. ഒന്നിന് പത്തു രൂപയാണ് വില.'' കോമൻ പറഞ്ഞു.
അപ്പൂപ്പൻ കുപ്പായത്തിൻ്റെ കീശയിൽ നിന്നും രണ്ടായിരം രൂപയുടെ ഒരു നോട്ടെടുത്തു കൊടുത്തിട്ടു പറഞ്ഞു:
''ഇതാ ഇരുനൂറ് സമ്മാനങ്ങളുടെ വില. വേഗം എല്ലാം എടുത്ത് എൻ്റെ വണ്ടിയിൽ നിറയ്ക്കൂ.''
കേമനും കോമനും സന്തോഷമായി. അവർ പണം വാങ്ങി അപ്പൂപ്പൻ പറഞ്ഞതുപോലെ ചെയ്തു. അപ്പൂപ്പൻ തെന്നു വണ്ടിയിലേറി പറന്നു പോയി.
പിറ്റേ ദിവസം കോമൻ കേമനോടു പറഞ്ഞു: ''ഇന്നലെ നമുക്ക് വല്ലാത്തൊരു കോളാണ് കിട്ടിയത്. നീയാ പണമിങ്ങെടുക്ക്. നമുക്ക് ചന്തയിൽപ്പോയി കുറെ പടക്കങ്ങളും കമ്പിത്തിരികളും കുരവകളും വാങ്ങി ഒരു പടക്കക്കട തുടങ്ങാം. പുതുവർഷമല്ലേ വരാൻ പോകുന്നത്! നല്ല കച്ചവടം കിട്ടും.''
കേമൻ അപ്പൂപ്പൻ തന്ന രണ്ടായിരം രൂപ എടുത്ത് കോമനു കൊടുത്തു. കോമൻ അതു പരിശോധിച്ചിട്ടു പറഞ്ഞു: ''അയ്യോ, അപ്പൂപ്പൻ നമ്മളെ പറ്റിച്ചു!''
''എന്താ, എന്തു പറ്റി?''
''ഇതൊരു കള്ളനോട്ടാണ്. ഇതിൽ മുടിയില്ലാത്ത ഗാന്ധിജിയുടെ ചിത്രത്തിനു പകരം താടിയുള്ള അപ്പുപ്പൻ്റെ ചിത്രമാണ്, ചുവന്ന തൊപ്പിയും വെച്ച്.''
''പക്ഷെ, അതിൽ 2000 എന്ന് എഴുതിയിട്ടുണ്ടല്ലോ.''
കോമൻ അതിലെഴുതിയത് കേമനെ വായിച്ചു കേൾപ്പിച്ചു: ''പ്രീയപ്പെട്ട കേമനും കോമനും 2000 ക്രിസ്മസ് ആശംസകൾ! നിങ്ങൾ പാവം മൃഗക്കുഞ്ഞുങ്ങളെ പറ്റിക്കാൻ നോക്കി. ഞാനും നിങ്ങളെയൊന്നു പറ്റിച്ചു! എന്നോട് വിരോധമൊന്നും തോന്നരുത്.''
അന്യായമായി കച്ചവടം നടത്തിയതിന് തങ്ങൾക്കു കിട്ടിയ ശിക്ഷയാണിതെന്ന് കേമനും കോമനും മനസ്സിലായി. അവർ തങ്ങൾക്കു പറ്റിയ അമളി വേറെ ആരോടും പറഞ്ഞില്ല.
-ജോസ് പ്രസാദ് 

Post a Comment

1Comments

Post a Comment