പെൻസിലും റബ്ബറും (Pencil and Rubber)

Mashhari
1
ഒരിടത്തൊരിടത്ത് ഉറ്റ ചങ്ങാതിമാരായ ഒരു പെൻസിലും റബ്ബറും ഉണ്ടായിരുന്നു. ഒരു ദിവസം അടപ്പു തുറന്ന ഒരു ബോക്സിനുള്ളിൽ വെറുതെ ഇരിക്കുമ്പോൾ അവരുടെ അടുത്തേക്ക് ഒരു കടലാസ് പറന്നു വന്നു. വെറുതെയിരുന്നു ബോറ ടിച്ച പെൻസിലിന് സന്തോഷമായി. അവൻ കടലാസിൽ ചാടിക്കയറി വര തുടങ്ങി. 
“വെളുവെളുത്തൊരു കടലാസിൽ 
വരവരവരവര മേളാങ്കം 
പെൻസിൽ കോറി വരയ്ക്കുന്നു 
നല്ലൊരു ചിത്രം പിറക്കുന്നു!' 
പക്ഷേ, കാറ്റടിച്ച് പെൻസിലിന് നില തെറ്റി. അതോടെ വരകളൊക്കെ വളഞ്ഞു. പെൻസിലിന്റെ സങ്കടം റബ്ബറിന് മനസ്സിലായി. “നിന്നെ ഞാൻ സഹായിക്കാം ചങ്ങാതീ!'' അവൻ വളഞ്ഞ വരകളെല്ലാം തുടയ്ക്കാൻ തുടങ്ങി. തെറ്റിയ വരകൾ മാഞ്ഞതോടെ പെൻസിൽ വീണ്ടും വര തുടങ്ങി. ഒടുവിൽ അവൻ കരുതിയതുപോലെ ചിത്രം പൂർത്തിയായി. അവൻ ആ ചിത്രം റബ്ബറിനു കാണിച്ചു കൊടുത്തു. 
തോളിൽ കൈയിട്ടു നിൽക്കുന്ന ഒരു പെൻസിലിന്റെയും റബ്ബറിന്റെയും ചിത്രമായിരുന്നു അത്. “കൂട്ടിന് നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല!'', പെൻസിൽ റബ്ബറിനെ ചേർത്തുപിടിച്ച് പറഞ്ഞു. എന്നിട്ട് അവർ ഇരുവരും സന്തോഷത്തോടെ ഒരു പാട്ടു പാടി. 
"തെറ്റു തിരുത്താനുമൊപ്പം നടക്കാനും 
ചങ്ങാതിമാരവരുണ്ടാകണം 
തോളത്തു കൈയിട്ട് ചേർത്തു പിടിച്ചിട്ട് 
കൂടെനടന്നിടാനുണ്ടാകണം" 
കഥയിലെ പെൻസിലിനെയും റബ്ബറിനെയും പോലെ പരസ്പരം സ്‌നേഹിച്ചും സഹായിച്ചും നമുക്കും നല്ല ചങ്ങാതിമാരായിരിക്കാം അല്ലേ?

Post a Comment

1Comments

Post a Comment