ഹോപ്പിയുടെ ക്രിസ്മസ് (Hoppy's Christmas)

Mash
2 minute read
0
ക്രിസ്മസ് അപ്പൂപ്പൻ്റെ തെന്നു വണ്ടി വലിക്കുന്ന കലമാനാണ് വിന്നി. അവളുടെ കൂട്ടുകാരനാണ് ഹോപ്പി എന്ന മുയൽക്കുട്ടൻ. അവരിരുവരും ചേർന്ന് സമ്മാനപ്പൊതികൾ പായ്ക്കു ചെയ്യുകയായിരുന്നു. അതിനിടയ്ക്ക് ഹോപ്പി അവൻ്റെ ഒരാഗ്രഹം പറഞ്ഞു:
 വിന്നിച്ചേച്ചീ വിന്നിച്ചേച്ചീ
 ഞാനും കൂടെ വന്നോട്ടേ
 ക്രിസ്മസ് പ്രഭയിൽ നഗരം കാണാൻ
 കുഞ്ഞനെനിക്കും കൊതിയുണ്ടേ!
ഹോപ്പിയുടെ ആഗ്രഹം കേട്ട് വിന്നി പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
 അപ്പൂപ്പൻ്റെ വണ്ടി വലിക്കാൻ
 കുഞ്ഞൻ മുയലിനു കഴിയൂല
 വണ്ടി വലിക്കും നിന്നെക്കണ്ടാൽ
 ആളുകളാർത്തു ചിരിക്കൂലേ!
വിന്നി പറഞ്ഞതു കേട്ട് ഹോപ്പിക്കു ഭയങ്കര സങ്കടമായി. അവൻ്റെ സങ്കടം കണ്ട് വിന്നിക്കും സങ്കടമായി. കുറേ നേരം ആലോചിച്ച് അവൾ ഒരു സൂത്രം കണ്ടെത്തി.
 ഹോപ്പീ നിന്നുടെ കൊതി നിറവേറാൻ
 സൂത്രം ഒന്നുണ്ടറിയാമോ
 അപ്പൂപ്പൻ ഇത് അറിയേണ്ട
 ആരോടും നീ പറയരുതേ
വിന്നി ഒരു സമ്മാനപ്പൊതിക്കുള്ളിൽ ഹോപ്പിയെ പായ്ക്കു ചെയ്തു. കണ്ണു കാണാനും കാറ്റു കടക്കാനുമായി ചെറിയൊരു തുളയുമിട്ട് തെന്നു വണ്ടിയിൽ വെച്ചു.
ക്രിസ്മസ് അപ്പൂപ്പൻ പര്യടനമാരംഭിച്ചു. തെന്നുവണ്ടിക്കുള്ളിലെ സമ്മാനപ്പെട്ടിയിൽ ഹോപ്പി പമ്മിയിരുന്നു. നഗരത്തിലെ ദീപാലങ്കാരങ്ങളും ക്രിസ്മസ് ട്രീകളും കണ്ട് ഹോപ്പി സന്തോഷിച്ചു. കുട്ടികൾ ജിംഗിൾ ബെൽസ് പാടുന്നതിനൊപ്പം അപ്പൂപ്പൻ നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ അവനും തുള്ളിച്ചാടാൻ തോന്നി. എങ്കിലും അടങ്ങിയൊതുങ്ങിയിരുന്നു. കുരവകളും പൂത്തിരികളും കത്തുന്ന കാഴ്ച കണ്ട് അവൻ ഏറെ സന്തോഷിച്ചെങ്കിലും പടക്കം പൊട്ടുന്നതു കേട്ട് അവൻ പേടിച്ചു പോയി. ഹോപ്പി ചെവി പൊത്തി, കണ്ണുകളടച്ചു. അധികം താമസിയാതെ അവൻ ഉറങ്ങിപ്പോയി.
ഉറക്കമുണർന്നപ്പോൾ അവന് താനെവിടെയാണെന്ന് മനസ്സിലായില്ല.
ഒരു ചെറിയ പെൺകുട്ടി വിടർന്ന കണ്ണുകളുമായി അവനരികിലിൽ അവനെ കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു. അവൾ പറഞ്ഞു:
 സുന്ദരക്കുട്ടാ മുയൽക്കൂട്ടാ
 നിന്നെക്കാണാനെന്തു രസം
 ക്രിസ്മസ് രാത്രിയിലപ്പൂപ്പൻ
 എനിക്കു തന്നൊരു സമ്മാനം!
അപ്പോഴാണ് ഹോപ്പിക്ക് തനിക്കു പറ്റിയ അബദ്ധം മനസ്സിലായത്. 'അപ്പൂപ്പൻ്റെ വണ്ടി ഇപ്പോൾ എത്രയോ ദൂരം എത്തിക്കാണും.' അവനു പേടി തോന്നി. എന്നാൽ പേടിയേക്കാളേറെ വിശപ്പും ഉണ്ടായിരുന്നു.
അപ്പോളാണ് അവൻ അൽപ്പം അകലെ നല്ല രുചിയുള്ള പുല്ല് ആരോ പറിച്ചു വെച്ചിരിക്കുന്നത് കണ്ടത്. പുല്ലു തിന്നാൻ അവൻ അങ്ങോട്ട് ഓടി. പെൺകുട്ടിയും പിറകെ ഓടി.
''ടീനാ, രാത്രിയിൽ നീയവിടെ എന്തെടുക്കുകയാ?'' വീടിനുള്ളിൽ നിന്നും കുട്ടിയുടെ അമ്മയുടെ ശബ്ദം കേട്ടു.
''അമ്മേ, ഈ മുയൽക്കുട്ടൻ നമ്മുടെ പുൽക്കൂടിൻ്റെ പുല്ലു തിന്നുന്നു.''
''നിനക്കെവിടുന്നു കിട്ടി മുയലിനെ?'' അവളുടെ അമ്മ വെളിയിലേക്കിറങ്ങി വന്നു.
''ഇവനെ എനിക്ക് അപ്പൂപ്പൻ സമ്മാനമായി തന്നതാ.'' ടീന പറഞ്ഞു.
ഈ സമയം പള്ളിമണികൾ മുഴങ്ങി. പാതിരാക്കുർബാനയുടെ സമയമായിരുന്നു.
''ഇനി നമുക്കു മടങ്ങാം.'' അപ്പൂപ്പൻ വിന്നിയോടു പറഞ്ഞു. എന്നാൽ വിന്നിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിയുന്നു.
''എന്താ, എന്തു പറ്റി?'' അപ്പൂപ്പൻ അവളുടെ മുതുകിൽ തലോടിക്കൊണ്ടു ചോദിച്ചു. കരഞ്ഞു കൊണ്ട് അവൾ എല്ലാക്കാര്യങ്ങളും അപ്പൂപ്പനോടു പറഞ്ഞു. അപ്പൂപ്പൻ അവളെ സമാധാനിപ്പിച്ചു. ''നീ വിഷമിക്കേണ്ട, നമുക്ക് പരിഹാരമുണ്ടാക്കാം.'' അവർ ടീനയുടെ വീട്ടിലേക്കു തിരിച്ചു.
''അമ്മേ, അപ്പൂപ്പൻ നമ്മുടെ വീട്ടിലേക്ക് വീണ്ടും വരുന്നു.'' ടീന സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പൂപ്പൻ അവളോട് ചോദിച്ചു:
 കുഞ്ഞിപ്പെണ്ണേ ടീനപ്പെണ്ണേ
 ഇഷ്ടപ്പെട്ടോ സമ്മാനം
 പഞ്ഞി പോലുള്ളൊരുര 
കുഞ്ഞൻ മുയലിനെ
 ഇഷ്ടപ്പെട്ടോ പറയൂ നീ
ടീന ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു:
 വെള്ളമുയലിവൻ കള്ളമുയലാണ്
 പുൽക്കൂടിൻ പുല്ലുകൾ തിന്നുന്നു
 കൂടെക്കളിക്കാൻ വിളിക്കുന്ന നേരത്ത്
 കണ്ണും പൂട്ടിയുറങ്ങുന്നു
അപ്പൂപ്പൻ പുഞ്ചിരിച്ചു കൊണ്ട് അവളോടു പറഞ്ഞു:
 കിട്ടിയ സമ്മാനമിഷ്ടപ്പെട്ടില്ലെങ്കിൽ
 ടിനമോളേ നീ മടക്കിത്തരൂ
 സുന്ദരിയായൊരു മാലാഖപ്പാവയെ
 നൽകാം നിനക്കായി സമ്മാനം!
ടീന മോൾക്ക് സന്തോഷമായി. അവൾ ഹോപ്പിയെ അപ്പൂപ്പന് മടക്കിക്കൊടുത്തു. പകരം അപ്പൂപ്പൻ അവൾക്ക് ചന്തമുള്ള ഒരു മാലാഖയുടെ പാവ കൊടുത്തു.
തെന്നുവണ്ടിയിൽ അപ്പൂപ്പൻ്റ മടിയിലിരുന്നാണ് ഹോപ്പി മടങ്ങിയത്. അവന് എല്ലാം ഒരു സ്വപ്നം പോലെ തോന്നി!  
-ജോസ് പ്രസാദ് 
Tags:

Post a Comment

0Comments

Post a Comment (0)