കടുവയെ വിരട്ടിയ കിട്ടുമ്മാൻ! (Kaduvaye virattiya Kittumman )

Mash
1 minute read
1
ഒരിടത്ത് കിട്ടുമ്മാൻ എന്നൊരു അമ്മാവനുണ്ടായി രുന്നു. ഒന്നിനേയും പേടിയില്ലാത്ത മഹാ ധീരനാണ് നമ്മുടെ കിട്ടുമ്മാൻ.

ഒരിക്കൽ ഒരപകടത്തിൽ പെട്ട് കിട്ടുമ്മാന്റെ വലതുകാൽ മുറിഞ്ഞു പോയി. എങ്കിലും അമ്മാവനുണ്ടോ വല്ല കൂസലും? കിട്ടുമ്മാൻ ഉടനെ തന്നെ മരം കൊണ്ട് ഒരു കാല് പണിതു. എന്നിട്ട് ആ മരക്കാലും വച്ചു കൊണ്ട് പഴയതുപോലെ സുഖമായി നടന്നു.
അങ്ങനെയിരിക്കെ അമ്മാവന് ഒരു ദൂരയാത്ര പോകേണ്ടിവന്നു. ക്രൂര മൃഗങ്ങളുള്ള കാട്ടിലൂടെയാണ് യാത്ര. ആഹാരവും മറ്റും ഒരു ഭാണ്ഡത്തിലാക്കി അമ്മാവൻ യാത്രയായി..

നടന്നു നടന്ന് കിട്ടുമ്മാൻ കാടിന് നടുക്കെത്തി. പെട്ടെന്ന് ഒരു ഭയങ്കരൻ കടുവ അമ്മാവന്റെ മുമ്പിൽ ചാടി വീണു. എന്നാൽ അടുത്ത നിമിഷം ധൈര്യം സംഭരിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു: "ഹ... ഹ... എടാ കടുവച്ചാരേ, എന്റെ ഇറച്ചി തീരെ തിന്നാൻ കൊള്ളില്ല. അതുകൊണ്ട് നീ സമയം കളയാതെ വേഗം സ്ഥലം വിട്ടോ!''

അമ്മാവൻ പറഞ്ഞതുകേട്ട് കടുവ ഒന്ന് അമ്പരന്നു. "ഹും! എന്നെ പറ്റിക്കാമെന്നു കരുതിയോ? വേഗം മരിക്കാൻ തയ്യാറായിക്കോ!" ഇതുകേട്ട് അമ്മാവൻ ദേഷ്യത്തോടെ പറഞ്ഞു: “ശരി ശരി, എങ്കിൽ നിയെന്നെ തിന്നാൻ ശ്രമിച്ചു നോക്ക്!"

എന്നിട്ട് കിട്ടുമ്മാൻ തന്റെ വലതുകാൽ കടുവച്ചാരുടെ മുന്നിലേക്ക് നീട്ടി വച്ചുകൊടുത്തു. ദേഷ്യം വന്ന കടുവ കിട്ടുമ്മാന്റെ കാലിൽ ഒറ്റക്കടി 'പ്ടും' കടുവയുടെ പല്ലെല്ലാം നുറുങ്ങിപ്പോയി. ഉഗ്രൻ തടികൊണ്ടുള്ള കാലാണ് അമ്മാവന്റേതെന്ന് കുടുവച്ചാരുണ്ടോ അറിയുന്നു! “ഹമ്മേ! ഒറ്റക്കടികൊണ്ട് പല്ലെല്ലാം പോയി. കരിങ്കല്ലുപോലുള്ള ഈ കാലുകൊണ്ട് ഒരു ചിവിട്ടു കിട്ടിയാൽ എന്റെ എല്ലും നുറുങ്ങിയതുതന്നെ!', ഇങ്ങനെ വിചാരിച്ച് പേടിച്ചുപോയ കടുവച്ചാർ പറപറന്നു.

കിട്ടുമ്മാനാകട്ടെ, പുഞ്ചിരിയോടെ ഒരു മൂളിപ്പാട്ടും പാടി യാത്ര തുടർന്നു.