സഞ്ചിയിലെ സ്വർണ്ണം (Sanjiyile swarnam)

Mash
1 minute read
0
ഒരിടത്ത് രാമദാസനെന്നും സോമദാസനെന്നും പേരുള്ള രണ്ടു വ്യാപാരികളുണ്ടായിരുന്നു. ഒരിക്കൽ രണ്ടുപേരും നഗരത്തിൽ നിന്നു വ്യാപാരം കഴിഞ്ഞു മടങ്ങുകയായിരുന്നു. പെട്ടെന്ന് വഴിയിലൊരു സഞ്ചി കിടക്കുന്നതു രണ്ടു പേരും കണ്ടു. രാമദാസനും സോമദാസനും ഒറ്റച്ചാട്ടത്തിന് സഞ്ചി കൈക്കലാക്കി.
“ഹും, ഞാനാണിത് ആദ്യം കണ്ടത്. അതു കൊണ്ട് സഞ്ചി എനിക്കുവേണം," സോമദാസൻ പറഞ്ഞു. “അതു പറ്റില്ല. സഞ്ചിയിൽ ആദ്യം തൊട്ടതു ഞാനാ! അതിനാൽ സഞ്ചി എനിക്കുള്ളതാ!" രാമദാസനും വിട്ടുകൊടുത്തില്ല.
ഒടുവിൽ രണ്ടാളും സഞ്ചിയുമായി നാടുവാഴിയുടെ അടുത്തെത്തി. ഉണ്ടായ വിവരങ്ങൾ അദ്ദേഹത്തെ
വിവരിച്ചു കേൾപ്പിച്ചു. "ഹും, വ്യാപാരികളെന്നു പറഞ്ഞിട്ടെന്താ, അത്യാർത്തിക്കാരായ ഇവരെ ഒരു പാഠം പഠിപ്പിക്കണം' - നാടുവാഴി മനസ്സിൽ കരുതി, "ആട്ടെ, ഈ സഞ്ചിക്കകത്ത് എന്താണുള്ളത്?'', അദ്ദേഹം വ്യാപാരികളോടു ചോദിച്ചു.
“അറിയില്ല ഏമാന്നേ. എടുത്തപ്പോൾ നാണയം പോലെ കിലുങ്ങുന്നതായി തോന്നി'' അവർ രണ്ടു പേരും പറഞ്ഞു. നാടുവാഴി വേഗം സഞ്ചിയുടെ കെട്ടഴിച്ചു. നോക്കുമ്പോഴതാ സഞ്ചിയിൽ നിറയെ സ്വർണം!
അതു മുഴുവൻ പുറത്തേക്കു ചൊരിഞ്ഞിട്ട് നാടുവാഴി ചിരിച്ചു കൊണ്ട് പറഞ്ഞു ''സഞ്ചി  ആദ്യം കണ്ടതും അതിൽ തൊട്ടതും നിങ്ങളാണെന്നതു ശരി തന്നെ. എങ്കിലും അതിനകത്ത് സ്വർണനാണയം ആദ്യം കണ്ടതും അതിൽ തൊട്ടതും ഞാനാണ്. അതു കൊണ്ട് സഞ്ചി നിങ്ങൾ കൃത്യം രണ്ടായി മുറിച്ചു വീതിച്ചെടുത്തോ; സ്വർണം എനിക്കിരിക്കട്ടെ!'', ഇത്രയും പറഞ്ഞ് നാടുവാഴി സഞ്ചി രാമദാസനും സോമദാസനും ഇട്ടു കൊടുത്തു.
അപ്പോഴാണ് രണ്ടാൾക്കും മണ്ടത്തരം മനസ്സിലായത്. അവർ ഇളിഭ്യരായി വന്ന വഴിയെ സ്ഥലം വിട്ടു.

Post a Comment

0Comments

Post a Comment (0)