ഭിന്നശേഷികളുള്ള നിരവധി കലാകാരന്മാർ നമ്മുക്ക് ചുറ്റുമുണ്ട്. അവർക്ക് പ്രോത്സാഹനം നൽകാനായി ഹരീഷ്.ആർ.നമ്പൂതിരിപ്പാട് എഴുതിയ കഥ.
വെറും പന്ത്രണ്ട് വയസ്സ് പ്രായമുള്ള ചുണക്കുട്ടിയാണ് രാമു. അവന്റെ വലതു കാലിന് സ്വാധീനക്കുറവുണ്ട്. പക്ഷെ, മറ്റ് കഴിവുകൾ കൊണ്ട് തന്റെ ഭിന്നശേഷി കരുത്താക്കി മാറ്റാൻ രാമുവിന് കഴിഞ്ഞു. ഫുട്‌ബോളിലും ക്രിക്കറ്റിലും അവനെ കൂട്ടുകാർ കൂടെ കൂട്ടില്ല. തന്നെക്കൂടി കൂട്ടാൻ കെഞ്ചിപ്പറഞ്ഞാലും കളിയാക്കുകയാണ് പതിവ്. സ്‌കൂൾ മൈതാനത്തിൽ മറ്റു കുട്ടികൾ ഓടിച്ചാടി കളിക്കുന്നത് ദുഃഖത്തോടെ കൊതിയോടെ നിരാശയോടെ പാവം രാമു കണ്ടിരിക്കും.
പുതിയ കായികാധ്യാപകൻ ഷൈജി മാസ്റ്റർ സ്കൂളിൽ എത്തി. പതിവ് മുഖങ്ങളാണ് കളിക്കളം അടക്കി വച്ചിരിക്കുന്നത്. മാഷ് പതിവ് തെറ്റിച്ച് പുതിയ കുട്ടികളെക്കൂടി ടീമിലെടുക്കാൻ തീരുമാനിച്ചു. രാമു മാത്രം തിരഞ്ഞെടുപ്പിന് എത്തിയില്ല. അവൻ കളിക്കളത്തിന്റെ ഒരു മൂലയിലിരുന്ന് എല്ലാം നോക്കി നെടുവീർപ്പിട്ടു. അവനറിയാതെ ഷൈജി സാർ അവനെ നിരീക്ഷിച്ചിരുന്നു. ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു, ടീമിൽ പതിമൂന്നാമനായി നമ്മുടെ രാമുവെത്തി. രാമു ഞെട്ടിപ്പോയി! ഒപ്പം മറ്റു കൂട്ടുകാരും!
സാർ രാമുവിനെ കളിക്കളത്തിലേക്ക് കൊണ്ടുവന്നു. വിക്കറ്റിന് പുറകിൽ കീപ്പറുടെ വലതുവശത്തായി രാമുവിന് സ്ഥാനം നൽകി. പരിശീലന പന്തുകൾ ചീറിപ്പാഞ്ഞുവന്നു. ആദ്യമൊക്കെ ഭയന്നുവെങ്കിലും ക്രമേണ അവന് വേഗത കൈവന്നു. അവനെ വെട്ടിച്ചു ആ വശത്തുകൂടി ഒരു പന്തുപോലും കടന്നുപോകില്ലായെന്നതായി സ്ഥിതി. അന്തിമ ടീം വന്നപ്പോൾ പതിനൊന്നംഗ ടീമിൽ രാമുവും! സഹഅധ്യാപകർ ഷൈജി സാറിനെ കളിയാക്കി. അദ്ദേഹം അത് ചെവിക്കൊണ്ടില്ല.
ആദ്യ കളിയിൽ ടീം കഷ്ടിച്ച് രക്ഷപെട്ടു. രാമുവിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല. മൂന്നാല് കളികൾ കഴിഞ്ഞപ്പോൾ ഒരു കളിക്ക് വിക്കറ്റ് കീപ്പർക്ക് സുഖമില്ലാതെ വന്നു. സാർ ധൈര്യപൂർവ്വം കീപ്പിംഗ് ഗ്ലൗസുകൾ രാമുവിനെ ഏൽപ്പിച്ചു. ശക്തരായ എതിരാളികളാണ് മറുവശത്ത്. രാമുവിനെ കുഴയ്‌ക്കുന്ന രീതിയിലുള്ള പന്തുകൾ മാറിമാറി ഇരുവശത്തേയ്‌ക്കും പാഞ്ഞു വന്നു. ദൈവം നൽകിയ അവസരം മുതലെടുക്കാൻ രാമുവിന് കഴിഞ്ഞു. ചിറകടിച്ചു പറക്കുന്ന പരുന്തിനെപ്പോലെ പന്തുകൾ റാഞ്ചിയെടുക്കുന്ന രാമുവിനെയാണ് കാണാൻ കഴിഞ്ഞത്. അന്നുമുതൽ അവന് ഒരു പേര് വീണു പരുന്തുരാമു. അടുത്ത രണ്ടു കളികളിൽ രാമു ഭംഗിയായി വിക്കറ്റിന് പുറകിൽ നിന്നു. അങ്ങനെ സ്‌കൂൾ ടീം ഫൈനലിൽ എത്തി. അസുഖം മാറിയ വിക്കറ്റ് കീപ്പർ തിരിച്ചുവന്നു, അധികാരത്തോടെ ഗ്ലൗസ് രാമുവിന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചു. രാമു സങ്കടത്തോടെ മാറി നിന്നു.
ഷൈജി സാർ പറഞ്ഞു: "തിരിച്ചു കൊടുക്ക്, ഫൈനൽ മാച്ചിലെ വിക്കറ്റ് കീപ്പർ രാമുവാണ്."
മറ്റുകുട്ടികൾക്ക് സമ്മതമായില്ല, "സാർ, എന്താണീ പറയുന്നത്? ഇന്നലത്തെപ്പോലെയല്ല ഇന്ന്, ഇവർ നഗരത്തിലെ മികച്ച സ്‌കൂൾ ടീമാണ്..അവർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ നമ്മുക്ക് കഴിയില്ല.രാമുവിന് ബാറ്റിങിലും അത്ര വശം പോര." "ഒന്നും പറയണ്ട... ഞാൻ തീരുമാനിച്ചു" സാർ ഉറക്കെ പ്രഖ്യാപിച്ചു.
കളി ആരംഭിച്ചു ആദ്യം ബാറ്റ് ചെയ്ത ടീം കനത്ത സ്‌കോർ നേടി. മറുപടി ബാറ്റിങ് ആരംഭിച്ചു. നമ്മുടെ സ്‌കൂൾ ടീമിലെ കളിക്കാർ ഓരോരുത്തരായി മടങ്ങി. ഒടുവിൽ രാമുവെത്തി, ആറു പന്തിൽ പതിനാറ് റൺസ് വേണം ജയിക്കാൻ! രാമുവും അവനെ തീരെ ഇഷ്ടമില്ലാത്ത ഷെറിനുമാണ് അവശേഷിച്ചത്. ആദ്യ പന്ത് മുട്ടിയിട്ട് ഷെറിൻ ഓടി. രാമു ഒരുവിധം ഓടി മറുവശത്തെത്തി. അടുത്ത പന്ത് രാമുവിന്റെ നേരെ വന്നു. സകല ശക്തിയും ഉപയോഗിച്ച് രാമു ഒരൊറ്റയടി! പന്ത് ബൗണ്ടറി കടന്നു. അടുത്ത പന്ത് മുട്ടിയിട്ട് രാമു ഓടി. നാലാമത്തെ പന്ത് ഷെറിൻ മുട്ടിയിട്ട് പതുക്കെ ഓടാൻ തുടങ്ങി, രാമു അതിവേഗം ഓടി അപ്പുറത്തെത്തി. അഞ്ചാമത്തെ പന്ത് അടിച്ചകറ്റി റൺസ് രണ്ടെണം കൂട്ടിച്ചേർത്തു രാമു. ജീവന്മരണ പോരാട്ടം ഏറ്റവുമവസാനത്തെ പന്തിലേക്കടുത്തു, അവസാന പന്ത് അപകടകരമായ വേഗതയിൽ ചീറിപ്പാഞ്ഞുവന്നു.....ഇരുകാലിനും ബലമുണ്ടെന്ന് അഹങ്കരിക്കുന്നവർ വരെ ഭയന്നുപോകുന്ന അത്ര വേഗതയിൽ....രാമു ഒട്ടും മടിച്ചില്ല, ഇടതുകാൽ ഊന്നി മറുകാൽ നീട്ടിവച്ച് ഒരൊറ്റ വീശൽ പന്ത് പറന്നുപറന്ന് ബൗണ്ടറിയും കടന്നുപോയി! ആദ്യത്തെ സിക്സറിന്റെ ഇരട്ടി ശക്തിയുള്ള സിക്സർ! വലിയ കൈയടികൾ മുഴങ്ങി.അവസാന ഓവറിൽ ലഭിച്ച പത്തിനഞ്ച് റൺസ് രാമുവിന്റെ ടീമിനെ വിജയത്തിലെത്തിച്ചു.
കിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ചു തന്റെ ചെറിയ കുറവുകൾ ഒരിക്കലും കുറവല്ലായെന്ന് തിരിച്ചറിഞ്ഞു കരുത്താക്കി മാറ്റി സ്‌കൂളിനും നാടിനും അഭിമാന താരമായി മാറി രാമു. പന്തുപിടിക്കുന്ന കാര്യത്തിൽ മാത്രമല്ല പന്ത് അടിച്ചുവിടുന്ന കാര്യത്തിലും താൻ പരുന്തിന് തുല്യമാണെന്ന് അവൻ തെളിയിച്ചു.