കിണർ ഭൂതം (Kinar Bhootham)

Mash
1 minute read
2
കിളിമലക്കാട്ടിലെ മൃഗങ്ങളെല്ലാം ഒരു മൈതാനത്ത് പന്ത് കളിക്കുകയായിരുന്നു. “പ്ഡും!" ചിമ്മുക്കടുവ ഒറ്റത്തട്ട്! പന്ത് ദൂരേക്ക് തെറിച്ചു. എന്നിട്ട് ഉരുണ്ടുരുണ്ട് ഒരു പൊട്ടക്കിണറ്റിൽ ചെന്നു വീണു! “ധും!" 
“ഞാനിറങ്ങി പന്ത് എടുക്കാം, കിട്ടുക്കുരങ്ങൻ കിണറ്റിലേക്ക് ഇറങ്ങാൻ ഒരുങ്ങി. പെട്ടെന്ന് ഒരു ശബ്ദം കേട്ട് എല്ലാവരും പേടിച്ചുപോയി! "ഭും!" 
എല്ലാവരും കിണറ്റിലേക്ക് നോക്കി. അപ്പോൾ കിണറ്റിലെ കുറ്റിച്ചെടിയുടെ ഇടയിൽ നിന്നും ആരോ ഉച്ചത്തിൽ പറഞ്ഞു: “നിൽക്കവിടെ! ഞാനാണ് കിണർഭൂതം! എനിക്ക് കഴിക്കാൻ എന്തെങ്കിലും തരാതെ ഞാനീ പന്ത് തിരികെ തരില്ല!" 
അതുകേട്ട് കുക്കുക്കരടി വലിയൊരു ചക്ക പറിച്ചുകൊണ്ട് വന്നു. “കിണർ ഭൂതമേ, ഈ ചക്ക കഴിച്ചിട്ട് ആ പന്ത് തിരികെ തന്നോളൂ!” കുക്കുക്കരടി ചക്ക കിണറ്റിലേക്ക് ഇട്ടു കൊടുത്തു. 
"ധപ്പ്!" ചക്ക കിണറ്റിലേക്ക് വീണതും വലിയൊരു കരച്ചിൽ കേട്ടു: “ഹയ്യോ ! എന്റെ തല!” എല്ലാവരും കിണറ്റിലേക്ക് സൂക്ഷിച്ച് നോക്കി. അപ്പോഴതാ കിണറ്റിലെ ചെടിക്കുള്ളിൽ കിക്കിലുക്കുറുക്കൻ!
കിണറ്റിൽ പതുങ്ങിയിരുന്ന് കിണർ ഭൂതമാണെന്ന് പറ്റിച്ചത് കിക്കിലുവായിരുന്നു. കുക്കു ഇട്ടുകൊടുത്ത ചക്ക വന്ന് വീണത് അവന്റെ തലയിലും! 
അവർ കിക്കിലുവിനെ കിണറ്റിൽ നിന്നും പൊക്കി മുകളിൽ കയറ്റി. കൂട്ടുകാരെ പറ്റിക്കാൻ നോക്കിയതിന് അവൻ എല്ലാവരോടും മാപ്പ് പറഞ്ഞു!