പുരാണ കഥകളും ചരിത്ര കഥകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം കഥകളിൽ നാടിന്റെ സംസ്കാരവും പൈതൃകവും നിറഞ്ഞു നിൽക്കുന്നു.
പാണ്ഡവരും കൗരവരും തമ്മിൽ ഭയങ്കര യുദ്ധം നടക്കുന്ന സമയം. സമുദ്ര ദേവനായ വരുണന്റെ മകനായ ശ്രുതായുധൻ ദുഷ്ടന്മാരായ കൗരവരുടെ കൂടെയായിരുന്നു.
യുദ്ധത്തിനിടയിൽ ശ്രുതായുധൻ ഗദയുമായി അർജ്ജുനന്റെ നേരേ വന്നു. അതുകണ്ട് ശ്രീകൃഷ്ണൻ പറഞ്ഞു: “അർജ്ജുനാ, ആ ഗദ നോക്കൂ?വരുണൻ കൊടുത്ത ആ ഗദ കൈയിൽ ഉണ്ടെങ്കിൽ ആർക്കും അവനെ തോൽപ്പിക്കാൻ പറ്റില്ല. പക്ഷേ, യുദ്ധം ചെയ്യാത്തവരെ അതുകൊണ്ട് ആക്രമിച്ചാൽ ആ ഗദ അവനെത്തന്നെ തിരിഞ്ഞടിക്കും!"
“ഓഹോ, എങ്കിൽ ഞാൻ സൂക്ഷിച്ചു കൊള്ളാം," അർജ്ജുനൻ പറഞ്ഞു.
അവർ തമ്മിൽ ഭയങ്കര യുദ്ധം തുടങ്ങി. പടയാളികളെല്ലാം പേടിച്ച് പിന്നോട്ട് മാറി. ശ്രീകൃഷ്ണൻ മാത്രം അർജ്ജുനന് വേണ്ട സഹായങ്ങൾ ചെയ്ത് ഒപ്പം നിന്നു.
"അർജ്ജുനാ, വേഗം അവന്റെ കഥ കഴിക്കു" ശ്രീകൃഷ്ണൻ പറഞ്ഞു,
അതുകേട്ട് ദേഷ്യം വന്ന ശുതായുധൻ ശ്രീകൃഷ്ണന്റെ നേരേ ഗദ വീശി!
യുദ്ധം ചെയ്യാത്തവരുടെ നേരേ വീശിയാൽ തിരിഞ്ഞടിക്കുന്നതാണല്ലോ ശ്രുതായുധന്റെ ഗദ! അതുടനെ ശ്രുതായുധന്റെ കൈയിൽ നിന്നും പിടിവിട്ടു, എന്നിട്ട് അവനെത്തന്നെ അടിക്കാൻ തുടങ്ങി. ഡും! ഡും! ഡും! ഡും! അങ്ങനെ ശുതായുധന്റെ കഥകഴിയുകയും ചെയ്തു.