കുറുക്കൻ്റെ കൗശലം (Kurukkante kaushalam)

Mash
1 minute read
1
ഒരു ദിവസം ഒരു കോഴിക്കുഞ്ഞ് ഇരതേടി നടക്കുകയായിരുന്നു. നടന്നു നടന്ന് അവൾ ഒരു നെല്ലിമരത്തിൻ്റെ ചുവട്ടിലെത്തി. കാറ്റു വീശിയപ്പോൾ കോഴിക്കുഞ്ഞിൻ്റെ തലയിൽ ഒരു നെല്ലിക്ക വീണു. അയ്യോ!, ഇതെന്താണ്? ആകാശം വീഴുന്നുവല്ലോ! അത് ഓടിച്ചെന്നു തൻ്റെ തള്ളക്കോഴിയെ അറിയിച്ചു. ആകാശം വീഴുന്നുവെന്നു കേട്ടപ്പോൾ തള്ളക്കോഴിക്ക് പരിഭ്രമമായി. അവൾ ആ വിവരം പൂവങ്കോഴിയെ അറിയിച്ചു. വല്ല ദിക്കിലും എത്തി രക്ഷപ്പെടാമെന്നു വിചാരിച്ചു പൂവങ്കോഴിയും പിടക്കോഴിയും കുഞ്ഞുങ്ങളോടുകൂടി ഓടിത്തുടങ്ങി. വഴിക്കുവെച്ച് അവർ ഒരു താറാവിനെ കണ്ടു. ആകാശം വീഴാൻ തുടങ്ങിയെന്നു കേട്ടപ്പോൾ താറാവും പരിഭ്രമിച്ചു. ആപത്തിൽനിന്നു രക്ഷപ്പെടുന്നതിന്നായി താറാവും അവരുടെ കൂടെ ചേർന്നു ഓടിപ്പോയി.
ഇവർ പോകുന്നതു ഒരു കുറുക്കൻ കണ്ടു. "സ്നേഹിതരേ എവിടെയാണ് ഇത്ര ബദ്ധപ്പെട്ട് പോകുന്നത്?" എന്നു കുറുക്കൻ ചോദിച്ചു.  "അയ്യോ! ആകാശം വീഴാൻ തുടങ്ങിയിരിക്കുന്നു, ഞങ്ങൾ എവിടെയെങ്കിലും ഓടി രക്ഷപ്പെടട്ടെ' എന്നു അവർ കിതച്ചുകൊണ്ട് മറുപടി പറഞ്ഞു. "അങ്ങിനെയൊ? കഷ്ടമായല്ലൊ. പരിഭ്രാമിക്കേണ്ട. നമുക്ക് രക്ഷപ്പെടാൻ നല്ലൊരു സ്ഥലം ഞാൻ കണ്ടുവെച്ചിട്ടുണ്ട്. എന്റെ കൂടെ വരിക എന്നു പറഞ്ഞു കുറുക്കന്റെ മുമ്പിൽ കടന്ന് ഓടി. താറാവും കോഴികളും പിന്നാലെയും ഓടി. "ഇതാ, ഇതാണ് ആ വഴി." എന്നു പറഞ്ഞ കുറുക്കൻ തന്റെ മടയിൽ കടന്നു. എല്ലാവരു പിന്തുടർന്നു. എന്നാൽ അവരാരും പിന്നെ ആ മടയിൽ നിന്നു പുറത്തുവന്നില്ല. കുറുക്കൻ അവരെയെല്ലാം കൊന്നു തിന്നു. 

 ആകാശം വിഴുമോ ഇല്ലയോ എന്നു ആലോചിക്കാതെ പുറപ്പെട്ടതിനാലാണ് കോഴികൾക്കും താറാവിനും ഈ അബദ്ധം പറ്റിയത്. അതിനാൽ ആലോചനയില്ലാതെ ഒന്നും നാം ചെയ്യരുത്.