രക്ഷകൻ (Rakshakan )

Mashhari
0
ലോറൻസേട്ടന് പഞ്ചായത്തു പ്രസിഡണ്ട് സണ്ണിയുടെ വീട്ടിലായിരുന്നു പണി. ക്രിസ്മസിൻ്റെ തലേ ദിവസമായതിനാൽ ഉച്ചയ്ക്ക് പണി നിർത്തി അവിടന്ന് ഊണു കഴിച്ച് വന്നതാണ്‌. കുന്നു കയറി വീട്ടിലെത്തിയപ്പോൾ ഒന്ന് കുളിക്കണമെന്നു തോന്നി. കുളികഴിഞ്ഞപ്പോൾ ഒന്നു മയങ്ങണമെന്നും. കട്ടിലിൽ കിടന്നപ്പോൾ ഉറക്കത്തിനു പകരം ഓർമകളാണു വന്നത്. മുപ്പത്തഞ്ചു വർഷം മുമ്പ് തന്നെ വിട്ടുപോയ പ്രീയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ.
തെങ്ങുകയറ്റമാണ് ലോറൻസു ചേട്ടൻ്റെ പണി. വയസ്സ് അറുപത്തഞ്ചായി. പ്രമേഹരോഗമുണ്ടെന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. അതിന് കാലത്തും വൈകിട്ടും കൃത്യമായി ഗുളിക കഴിക്കുന്നുണ്ട്. ഒരു ഉരുൾപൊട്ടലിനെ അതിജീവിച്ച ആളാണ് ലോറൻസു ചേട്ടൻ.
മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു ജൂലൈമാസ രാത്രിയിലാണ് അതു സംഭവിച്ചത്. ലോറൻസു ചേട്ടനും ഭാര്യ ആൻസിയും ഒൻപതു വയസ്സുകാരൻ മകൻ ജോസുകുട്ടനും ഒരേ മുറിയിലുറങ്ങിക്കിടക്കുമ്പോൾ വീടടക്കം ഒലിച്ചുപോയി. ലോറൻസു ചേട്ടന് ജീവൻ തിരിച്ചു കിട്ടി. എന്നാൽ ഭാര്യയെയും മകനേയും കർത്താവ് കൊണ്ടുപോയി.
അന്നു മുതൽ ഒറ്റയ്ക്കാണു ജീവിതം. ഒലിച്ചുപോയ വീടുണ്ടായിരുന്നതിനടുത്തൊരു കൂരയുണ്ടാക്കി അതിൽ കഴിയുന്നു.
മയക്കം ഉറക്കമായിപ്പോയി. അത് അൽപ്പം നീണ്ടു പോവുകയും ചെയ്തു. ഉണ്ണീശോയുടെ പാട്ടു കേട്ടാണ് ഉണർന്നത്. സമയം ആറു മണിയായിരിക്കുന്നു. കരോളുകാർ ആദ്യമെത്തിയത് ലോറൻസു ചേട്ടൻ്റെ വീട്ടിലേക്കാണ്. ക്രിസ്മസ് പാപ്പയാകാൻ ആളെ കിട്ടിയിട്ടില്ല.
തൊമ്മിച്ചനും ബെന്നിച്ചനും കൂടെയുള്ള കുഞ്ഞു പിള്ളേരുമടക്കം എല്ലാവരും നിർബന്ധിച്ചപ്പോൾ ലോറൻസു ചേട്ടൻ സമ്മതിച്ചു. 'ഒരു ദിവസമെങ്കിലും എൻ്റെ വിഷാദം ആരും കാണില്ലല്ലോ. മുഖംമൂടി വെച്ച് നടക്കാം. എല്ലാവരുടെയുമൊപ്പം ആഹ്ലാദിക്കാം!'
തിരുബാല സഖ്യത്തിലെ പിള്ളേർ വയറിനു മുകളിൽ ഒരു ചെറിയ തലയിണ വെച്ചു കെട്ടി. പാപ്പയുടെ ചുവന്ന ളോഹ ഇടീച്ചു. വെളുത്ത താടിയുള്ള മുഖംമൂടി വെച്ചു. തലയിൽ കൂമ്പൻ തൊപ്പിയും വെച്ച് കൈയിൽ ഒരു വടിയും കൊടുത്തു. ളോഹയുടെ പോക്കറ്റുകളിൽ ചോക്ലേറ്റും നിറച്ചു.
പാട്ടുകൾ പാടി, വാദ്യഘോഷങ്ങൾ മുഴക്കി, ഓരോ വീടും കയറി കരോൾ സംഘം പര്യടനമാരംഭിച്ചു. ചുവന്ന ളോഹയ്ക്കുള്ളിലേ ലോറൻസേട്ടൻ എല്ലാം മറന്നു നൃത്തം ചെയ്തു. വീട്ടുകാർ നിർബന്ധിക്കുമ്പോൾ മുഖം മൂടിയുയർത്തി കേക്കും കട്ടൻ ചായയും കഴിച്ചു. ചിലയിടത്തു നിന്ന് ജൂസും പല നിറങ്ങളിലുള്ള ശീതള പാനീയങ്ങളും ഒക്കെയാണ് കിട്ടിയത്. വേണ്ടെന്നു പറഞ്ഞിട്ടും വീട്ടുകാർ പാപ്പയെ സ്നേഹപൂർവം സൽക്കരിച്ചു.
ഷുഗറിനുള്ള ഗുളിക ഇറങ്ങുന്നതിനു മുമ്പേ കഴിക്കാതിരുന്നത് അബദ്ധമായിപ്പോയെന്ന് ലോറൻസു ചേട്ടനു തോന്നി. 'ഈ മധുരമെല്ലാം ഉള്ളിൽച്ചെന്നാൽ.. !'
എല്ലാ വീട്ടിലും നക്ഷത്ര വിളക്കുകൾ തൂക്കിയിട്ടുണ്ട്. മിക്ക വീടുകളിലും അലങ്കരിച്ച പുൽക്കൂടുകളുമുണ്ട്. കൂടെ പടക്കവും പൂത്തിരികളും ബാൻ്റു മേളവും. ഓരോ വീടിനു മുന്നിലും ഓരോ ഗാനം ആലപിക്കും. അതിനൊപ്പം എല്ലാവരും നൃത്തം ചെയ്യും. പാപ്പയുടെ നൃത്തം കാണാനാണ് കുട്ടികൾക്കു താൽപ്പര്യം. പാപ്പയ്ക്കൊപ്പം സെൽഫിയെടുക്കാൻ ചെറുപ്പക്കാരുടെ മത്സരമാണ്. കൂടെയുള്ള കുട്ടികൾ 'ജിംഗിൾ ബെൽസ്' മനോഹരമായി ആലപിക്കുന്നു. ഓരോ വീട്ടിലും ആഹ്ലാദം നിറഞ്ഞു നിൽക്കുന്ന കുളിരുള്ള ക്രിസ്മസ് രാത്രി!
വീടുകൾ കയറിയിറങ്ങിയുള്ള കരോൾ സംഘത്തിൻ്റെ പര്യടനം പതിനൊന്നു മണിക്ക് പള്ളിയിലാണ് അവസാനിച്ചത്. അവിടെ വളരെ വലിയൊരു പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കിയിട്ടുണ്ട്. പള്ളി മുറ്റത്തും ലോറൻസുചേട്ടൻ ബാൻ്റു മേളത്തിനൊപ്പം മതിമറന്ന് നൃത്തം ചെയ്തു. 'ദൈവപുത്രൻ ലോകത്തെ രക്ഷിക്കാൻ മനുഷ്യനായി മണ്ണിൽ പിറന്ന പുണ്യരാത്രിയാണ്! ഇന്ന് എല്ലാം മറന്ന് ആഹ്ലാദിക്കണം!'
പാതിരാ കുർബാന തുടങ്ങിയപ്പോൾ ലോറൻസു ചേട്ടന് ചെറിയ അസ്വസ്ഥതകൾ തുടങ്ങി. ശരീരം തളരുന്നതു പോലെ. തല കറങ്ങുന്നതു പോലെ. 'വേഗം വീട്ടിലെത്തി ഷുഗറിനുള്ള ഗുളിക കഴിച്ചില്ലെങ്കിൽ കുഴപ്പമാകും.' പിന്നെ ഒന്നും ആലോചിച്ചില്ല. പള്ളിയിൽ നിന്ന് പുറത്തു കടന്ന്, വേഷങ്ങളൊക്കെ താഴെ പാർക്കു ചെയ്തിരുന്ന സണ്ണിച്ചൻ്റെ ജീപ്പിനു മുകളിൽ അഴിച്ചു വെച്ച് നേരേ വീട്ടിലേക്കു നടന്നു.
കാലടികൾ കുഴയുന്നുണ്ട്, ശരീരം മുഴുവൻ തണുത്തു വിറയ്ക്കുന്നുണ്ട്, എന്നാൽ ഒപ്പം വിയർക്കുന്നുമുണ്ട്. 'ഞാൻ ഈ രാത്രിയിൽ മരിച്ചു പോവുമോ? വഴിയിൽ വീണു മരിക്കാതെ എങ്ങിനെയെങ്കിലും വീട്ടിലെത്തിയാൽ മതിയായിരുന്നു.' വീട്ടിലേക്കുള്ള വഴിയുടെ മുക്കാൽ ഭാഗവും ലോറൻസു ചേട്ടൻ ഒരു വിധം നടന്നു തീർത്തു. ഇനി ഒരു തോടു കടന്ന് ചെറിയൊരു കുന്നു കയറിയാൽ വീടെത്തി.
'വയ്യ, ഇനി ഒരു നിമിഷം പോലും നടക്കാൻ വയ്യ!' ഒരു ഇലക്ട്രിക് പോസ്റ്റിൽ പിടിച്ച് അതിൻ്റെ ചുവട്ടിൽ ലോറൻസു ചേട്ടൻ തളർന്നിരുന്നു. 'എന്തു വേണമെങ്കിലും സംഭവിക്കട്ടെ. എല്ലാം കർത്താവിൻ്റെ ഇഷ്ടം.' കണ്ണുകളടച്ച് അയാൾ സ്വയം ധൈര്യം കൊടുത്തു.
കണ്ണു തുറന്നപ്പോൾ ഒരു വാൽ നക്ഷത്രം തൻ്റെ നേരേ സാവധാനം വരുന്നതു പോലെ തോന്നി ലോറൻസു ചേട്ടന്. എണീക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. 'അല്ല, അത് വാൽനക്ഷത്രമല്ല. പത്തു വയസ്സു തോന്നിക്കുന്ന ഒരാൺകുട്ടി ടോർച്ചു തെളിച്ചു നടന്നു വരുന്നതാണ്.
"ആരാ ഇത്? ലോറൻസ് അങ്കിളോ. എന്താ ഇവിടെ ഇരിക്കുന്നത്? വാ, ഞാൻ വീട്ടിൽ കൊണ്ടുചെന്നാക്കാം.''
കുട്ടി ലോറൻസു ചേട്ടൻ്റെ കൈ പിടിച്ചു.
ചെക്കൻ ഏതാണെന്ന് ലോറൻസു ചേട്ടന് പിടികിട്ടിയില്ല. പക്ഷെ അവന് അയാളെ നന്നായി അറിയാം.
''നീ എന്താ രാത്രിയിൽ ഈ വഴി?'' ലോറൻസ് ചോദിച്ചു.
''പാതിരാ കുർബാന കഴിഞ്ഞ് മടങ്ങുകയാ.''
കുട്ടി കൈയിൽ പിടിച്ചപ്പോൾ ലോറൻസു ചേട്ടൻ്റെ വയ്യായ്കകളൊക്കെ മാറി. തോടു കടന്ന് കുന്നു കയറാൻ തുടങ്ങു മ്പോൾ അയാൾ വീണ്ടും ചോദിച്ചു:
''നീ ഏതു വീട്ടിലെയാ?''
''ഞാൻ മേലേടത്തെയാ, അങ്കിളേ.''
'മേലേടത്ത്, അങ്ങിനെയൊരു വീട്ടുപേര് എവിടെയോ കേട്ടിട്ടുണ്ട്. പക്ഷേ, എവിടാണെന്ന് ഓർമ വരുന്നില്ല.' വീട്ടിലെത്തും വരെ അയാൾ അതു തന്നെയാണ് ചിന്തിച്ചത്.
''അങ്കിളേ, വീടെത്തിയല്ലോ. ഇനി ഞാൻ പൊയ്ക്കോട്ടേ.'' ലോറൻസു ചേട്ടനെ ഉമ്മറത്തെ ചാരുകസേരയിലിരുത്തിയിട്ട് കുട്ടി പറഞ്ഞു.
നന്ദി പറയാനായി അയാൾ വാക്കുകൾക്കായി പരതുമ്പോൾ കുട്ടി തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു. ലോറൻസു ചേട്ടൻ വിളിച്ചു ചോദിച്ചു:
''അതേ, നിൻ്റെ അപ്പൻ്റെ പേരെന്താ?''
''ഔസേപ്പ് '', നടത്തത്തിനിടയിൽ കുട്ടി പറഞ്ഞു.
നാലഞ്ച് ഔസേപ്പുമാരേ ലോറൻസു ചേട്ടന് അറിയാമായിരുന്നു. എന്നാലവരിലാർക്കും പത്തു വയസ്സുള്ള ഒരു ആൺകുട്ടിയില്ല. ചെക്കൻ തോടിനടുത്തെത്തിയിരുന്നു. ലോറൻസു ചേട്ടൻ വീണ്ടും വിളിച്ചു ചോദിച്ചു:
''നിൻ്റെ അമ്മേടെ പേരെന്താ മോനേ?''
''മേരീന്നാ..'', കുട്ടി വിളിച്ചു പറഞ്ഞു.
പിന്നെ അവൻ്റെ ടോർച്ചിൻ്റെ വെട്ടവും കാണാതായി.
മിന്നൽപ്പിണർ പോലെ ലോറൻസു ചേട്ടൻ്റെ മനസ്സിലേക്ക് ഒരു ചിന്ത പാഞ്ഞുകയറി. 'കർത്താവേ, ഇനി നിൻ്റെ പുത്രൻ തന്നെയായിരുന്നോ, അത്? അപ്പൻ്റേം അമ്മേടേം പേരു ചോദിച്ചു, എന്നിട്ടും അവൻ്റെ പേരു ചോദിക്കാഞ്ഞത് മണ്ടത്തരമായിപ്പോയി!'
മനസ്സിലെ ആകുലതകളൊക്കെ ഒഴിഞ്ഞ് അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത സമാധാനം അനുഭവപ്പെട്ടു. കട്ടിലിൽ കിടന്ന ഉടൻ അയാൾ ശാന്തമായി ഉറങ്ങിപ്പോയി. ഷുഗറിനുള്ള ഗുളിക കഴിക്കാൻ ലോറൻസു ചേട്ടൻ പിന്നെയും മറന്നു!
- ജോസ് പ്രസാദ് 
Tags:

Post a Comment

0Comments

Post a Comment (0)