കാട്ടിലെ കൂട്ടുകാരെല്ലാം മടി പിടിച്ച് ഉറങ്ങുന്ന ഉച്ചനേരത്ത് എവിടെനിന്നോ ഒരു കുയിൽ കാട്ടിലെ അത്തി മരത്തിൽ വന്നിരുന്നു. മധുരമുള്ള ശബ്ദത്തിൽ അവൾ പാടിത്തുടങ്ങി. മരക്കൊമ്പിൽ കൂനിക്കൂടിയിരുന്ന മരംകൊത്തി മാമൻ അതുകേട്ട് താളം പിടിച്ചു. പാട്ടും താളവും കേട്ട് മയിലണ്ണൻ തന്റെ ഭംഗിയാർന്ന പീലികൾ വിരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. അതോടെ കാട്ടിലെ കൂട്ടുകാർക്കെല്ലാം രസം പിടിച്ചു.
മാനും മുയലും കുരങ്ങച്ചനും പക്ഷിക്കൂട്ടവും സിംഹവും കടുവയും വരെ മടി മാറി ഉഷാറായി അത്തിമര ചുവട്ടിലെത്തി. പാട്ടും നൃത്തവുമൊക്കെയായി ആ ദിവസം അവർ ആഘോഷത്തോടെ ചിലവഴിച്ചു. മടിയും മടുപ്പുമൊക്കെ മാറി എപ്പോഴും സന്തോഷത്തോടെയിരിക്കാൻ നമ്മുക്ക് ചുറ്റും എത്രയെത്ര നല്ല കാര്യങ്ങളാണ് ഉള്ളത്, അല്ലേ?