ഒരു കുടയും കൂട്ടുകാരും (Oru Kudayum Koottukarum)

Mashhari
0
അമ്മുക്കുട്ടിക്കിത് സ്‌‌കൂളിലെ ആദ്യ ദിവസമാണ്. അവളെ സ്‌‌കൂളിലാക്കി അമ്മ തിരികെപ്പോയപ്പോൾ അമ്മുക്കുട്ടി സങ്കടം കൊണ്ട് വിതുമ്പിപ്പോയി. അവളുടെ അടുത്ത് അപ്പോൾ ആരോ വന്നിരുന്നു. അത് ടീച്ചർ ആയിരുന്നു. അമ്മുക്കുട്ടിയുടെ കുഞ്ഞിക്കണ്ണുകൾ തുടച്ച് ടീച്ചർ അവൾക്കൊരു മിഠായി കൊടുത്തു. എന്നിട്ട് ഒരു പാട്ടു പാടി. 
“അമ്മുക്കുട്ടീ മുത്തല്ലേ 
ഇങ്ങനെ വെറുതേ കരയല്ലേ 
കുഞ്ഞിക്കണ്ണുകൾ നിറയ്ക്കല്ലേ 
നല്ലൊരു പുഞ്ചിരി മായ്ക്കല്ലേ!' 
അമ്മുക്കുട്ടി കരയുമ്പോൾ അമ്മയും ആ പാട്ട് പാടാറുണ്ട്. അതു കേൾക്കുമ്പോൾ അവളുടെ സങ്കടമൊക്കെ എങ്ങോട്ടോ പോകും. അവൾ ചിരിക്കും. അങ്ങനെ ഇപ്പോഴും അമ്മുക്കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അതുകണ്ട് ടീച്ചർ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു. അമ്മ കൊടുക്കും പോലൊരു പഞ്ചാര ഉമ്മ. 
കഥകളും പാട്ടുകളും കളികളും ഒക്കെയായി ആ ദിവസം തീർന്നത് അമ്മുക്കുട്ടി അറിഞ്ഞതേയില്ല. വൈകുന്നേരമായി. സ്കൂൾ വിട്ടു. കുറച്ചു ദൂരം നടന്നാൽ വീടെത്തും. ആ വഴി അമ്മുക്കുട്ടിക്ക് നല്ല പരിചയം ഉള്ളതാണ്. അവൾ നടക്കാൻ തുടങ്ങി. പക്ഷേ, പെട്ടെന്നതാ ആകാശത്ത് കരിമേഘങ്ങൾ നിറഞ്ഞു. പെരുമഴ ഇപ്പോൾ പെയ്യും. “അയ്യോ, കുടയില്ല. ല്ലോ!' അവളുടെ മിഴികൾ നിറഞ്ഞു. 
അപ്പോഴതാ പിന്നിൽ നിന്ന് ആരോ വിളിക്കുന്നു. “അമ്മുക്കുട്ടീ നിൽക്ക്...'' അമ്മുക്കുട്ടി നോക്കുമ്പോൾ കുടയും നിവർത്തി അരികിൽ ഒരാൾ, അമ്മുക്കുട്ടിയുടെ ക്ലാസിൽ പഠിക്കുന്ന മാളുക്കുട്ടിയാണ്. അമ്മുക്കുട്ടിയും മാളുക്കുട്ടിയും ആ പുള്ളിക്കുടക്കീഴിൽ ഒരുമിച്ചു നടന്നു. മഴ ആ കുടയ്ക്കു മുകളിൽ തിമിർത്തു. പെയ്തു. അവർ രണ്ടുപേരും അന്ന് ടീച്ചർ പഠിപ്പിച്ച 
"മഴപ്പാട്ട് ഒന്നിച്ചു പാടി. 
ചന്നംപിന്നം മഴപെയ്തു 
മേഘക്കുട്ടം മഴയായി 
ആമഴയീമഴ പെയ്യുമ്പോൾ 
തവളകൾ പേക്രോം പാടുന്നു!'' 
അങ്ങനെ മഴക്കാഴ്ച്ചകൾ കണ്ടും മഴപ്പാട്ടുകൾ പാടിയും മാളുക്കുട്ടിക്കൊപ്പം മഴയത്തങ്ങനെ നടന്നപ്പോൾ അമ്മുക്കുട്ടിക്ക് സന്തോഷം തോന്നി.
'അമ്മയെപ്പോലൊരു ടീച്ചറും മാളുക്കുട്ടിയെപ്പോലുള്ള ചങ്ങാതിയും ഉണ്ടെങ്കിൽ ഇനി ഞാനൊരിക്കലും സ്‌കൂളിൽ പോകാൻ മടി കാണിക്കില്ല!' അവൾ തീരുമാനിച്ചു.
അങ്ങനെ പിന്നങ്ങോട്ട് അമ്മുക്കുട്ടി മിടുക്കിയായി സ്‌കൂളിൽ പോയി പഠിക്കാൻ തുടങ്ങി. കൂട്ടുകാരും അതുപോലെ മിടുമിടുക്കാരാകണേ......

Post a Comment

0Comments

Post a Comment (0)