മുക്കുവനും ഭൂതവും (Mukkuvanm Bhoothavum)

Mashhari
0
ഒരിടത്തൊരിടത്ത് ഒരു മുക്കുവനുണ്ടായിരുന്നു. ഒരു ദിവസം അയാൾ പതിവുപോലെ മീൻ പിടിക്കുവനായി വള്ളത്തിൽ കടലിലേക്ക് പോയി. പല പ്രാവശ്യം കടലിൽ വലയിട്ടിട്ടും അയാൾക്ക്‌ ഒരു മീൻ പോലും കിട്ടിയില്ല. അയാൾക്ക്‌ ഭയങ്കര സങ്കടമായി, കാരണം അയാൾ മീനുമായി ചെന്നിട്ടു വേണം അയാളുടെ ഭാര്യക്കും മക്കൾക്കും ആഹാരം കഴിക്കാൻ. അയാൾ വിണ്ടും വിണ്ടും വലയെറിഞ്ഞുനോക്കി, പക്ഷേ, ഒരു മീൻ പോലും വലയിൽ കുടുങ്ങിയില്ല. പെട്ടെന്നാണ് വലക്കുള്ളിൽ ഒരു തിളക്കം അയാളുടെ ശ്രദ്ധയിൽ പെട്ടത്. അതൊരു കുടമായിരുന്നു. 
അയാൾ ആ കുടവുമായി വള്ളം തുഴഞ്ഞു കടൽ തീരത്തെത്തി. അയാൾ എത്ര വലിച്ചിട്ടും ആ കുടത്തിൻറെ അടപ്പ് തുറക്കാൻ കഴിഞ്ഞില്ല. അയാൾ ശക്തിയായി ആഞ്ഞു വലിച്ചു. അപ്പോൾ 'ച്ചിൽ' എന്ന ശബ്ദത്തോടെ കുടത്തിൻറെ അടപ്പ് തുറന്നു വന്നു. പെട്ടെന്ന് ആ കുടത്തിൽ നിന്നും പുക വരാൻ തുടങ്ങി. ആ പുകയെല്ലാം ചേർന്നു ആകാശം മുട്ടുന്ന ഒരു രൂപമായി മാറി. "ഒരു വലിയ ഭൂതം". മുക്കുവൻ പേടിച്ചു പുറകോട്ടു മാറി. അപ്പോൾ ഭൂതം മുക്കുവനോട്‌ പറഞ്ഞു. ഹ ഹ ഹ എന്നെ തുറന്നു വിട്ടതിനു നന്ദി. 800 വർഷങ്ങൾക്കു മുൻപ് ഒരു മന്ദ്രവാദി എന്നെ കുടത്തിലടച്ചു കടലിൽ എറിഞ്ഞതാണ്. മുക്കുവൻ അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്നു. അപ്പോൾ ഭൂതം പറഞ്ഞു ആദ്യത്തെ 200 വർഷം ഞാൻ വിചാരിച്ചു എന്നെ തുറന്നു വിടുന്നവനെ ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആക്കുമെന്ന്, പക്ഷേ ആരും എന്നെ തുറന്നു വിട്ടില്ല. അപ്പോൾ നമ്മുടെ മുക്കുവൻ സന്തോഷത്തോടെ ഓർത്തു, ഏറ്റവും വലിയ പണക്കാരൻ ആയില്ലേലും കുറച്ചു പണം കിട്ടിയിരുന്നെങ്കിൽ ഭാര്യക്കും മക്കൾക്കും വയറു നിറയെ ആഹാരം കൊടുക്കാമായിരുന്നു എന്ന്. ഭൂതം വീണ്ടും പറഞ്ഞു, അടുത്ത 200 വർഷം ഞാൻ വിചാരിച്ചു എന്നെ തുറന്നു വിടുന്നവനെ ഞാൻ ഈ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവാക്കുമെന്ന്. അടുത്ത 200 വർഷം ഞാൻ വിചാരിച്ചു എന്നെ തുറന്നു വിടുന്നവന് ഞാൻ ഒരു മല പൊക്കത്തിൽ സ്വർണവും രത്നങ്ങളും കൊടുക്കുമെന്ന്. പക്ഷേ ആരും എന്നെ തുറന്നു വിട്ടില്ല. അങ്ങനെ 600 വർഷങ്ങൾ ഞാൻ കുടത്തിൽ വസിച്ചു. ആരും എന്നെ തുറന്നു വിട്ടില്ല. അതോടെ എനിക്കു എല്ലാവരോടും പകയായി. അതോടെ ഞാൻ ഒരു പ്രതിജ്ഞ എടുത്തു, ഇനി എന്നെ തുറന്നു വിടുന്നവനെ ഞാൻ കൊന്നു തിന്നുമെന്ന്. നിയാണ് എന്നെ തുറന്നു വിട്ടത്. ഞാൻ നിന്നെ കൊന്നു തിന്നാൻ പോവുകയാണ്. 
പാവം മുക്കുവൻ, അവൻ പേടിച്ചു വിറച്ചു. കിടു കിടാ വിറച്ചു കൊണ്ട് അവൻ ഭൂതത്തോട് ചോദിച്ചു അല്ലയോ ഭൂതമേ, ഞാൻ നിന്നെ തുറന്നു വിട്ടതല്ലേ എന്നിട്ടും നീ എന്നെ കൊന്നു തിന്നുമെന്നൊ?. ഭൂതം പറഞ്ഞു ഞാൻ പ്രതിജ്ഞ എടുത്തതാണ് അതെനിക്കു തെറ്റിക്കാൻ പറ്റില്ല. ഇനി രക്ഷയില്ലെന്നു മനസിലാക്കിയ മുക്കുവൻ ഭൂതത്തോട് പറഞ്ഞു, അല്ലെയോ ഭൂതമേ അടിയനു ഒരു സംശയം. അതു തീർത്തു തന്നിട്ട് എന്നെ കൊന്നു തിന്നോളൂ..... ഭുതം പറഞ്ഞു ഹും... ശരി ... എന്നെ തുറന്നു വിട്ടതല്ലേ, എന്താ നിന്റെ സംശയം?. മുക്കുവൻ പറഞ്ഞു, ഇത്രയും വലിയ നീ എങ്ങനെയാണു ഈ കുടതിനുള്ളിൽ കേറിയതെന്നു എനിക്കു മനസിലാവുന്നില്ല. ഭൂതം പറഞ്ഞു, മണ്ടാ..... എനിക്കു ആകാശം മുട്ടെ വളരാനും കടുകുമണിയോളം ചെറുതാകാനും കഴിയും...മുക്കുവൻ പറഞ്ഞു വെറുതെ കള്ളം പറയാതെ എനിക്കു വിശ്വാസം വരുന്നില്ല. ഉടനെ ഭൂതം പറഞ്ഞു , ദാ കണ്ടോളൂ .....എന്നിട്ട് ഭൂതം പുകയായി ചുരുങ്ങി ചുരുങ്ങി കുടതിനുള്ളിൽ കയറി എന്നിട്ട് വിളിച്ചു ചോദിച്ചു, ദാ കണ്ടോ .... മുക്കുവൻ ഉടനെ കുടത്തിൻറെ മൂടി എടുത്തു കുടം ഭദ്രമായി അടച്ചു. ഭൂതം കുടതിനുള്ളിൽ നിന്നു നിലവിളിച്ചു കൊണ്ടു പറഞ്ഞു എന്നെ തുറന്നു വിടൂ... എന്നെ തുറന്നു വിടൂ...നിനക്ക് വേണ്ടതൊക്കെ ഞാൻ നിനക്ക് നല്കാം... എന്നെ തുറന്നു വിടൂ... മുക്കുവൻ പറഞ്ഞു, നിന്നെ രക്ഷിച്ചയാളെ കൊന്നു തിന്നാൻ നോക്കിയതല്ലേ, ഇനിയുള്ള കാലം നീ കുടത്തിൽ തന്നെ കഴിഞ്ഞാൽ മതി. എന്ന് പറഞ്ഞിട്ട് അയാൾ ആ കുടം കടലിലേക്ക് എറിഞ്ഞു. എന്നിട്ട് ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി..... 

Post a Comment

0Comments

Post a Comment (0)