വീരവിന്റെ വിദ്യ (Veeravinte Vidya)

Mash
1 minute read
0
വിജയപുരത്തെ രാജാവായിരുന്നു വിജയസിംഹൻ. അദ്ദേഹത്തിൻ്റെ മകളാണ് സുന്ദരിയായ മാലിനി രാജകുമാരി. കുമാരിക്ക് വിവാഹ പ്രായമായപ്പോൾ അവൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്താൻ രാജാവ് തീരുമാനിച്ചു.
അപ്പോൾ രാജകുമാരി പറഞ്ഞു "അച്ഛാ ഞാൻ ഒരു പരീക്ഷണം നടത്തും അതിൽ വിജയിക്കുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ."
രാജാവ് സമ്മതിച്ചു. പല രാജ്യങ്ങളിൽ നിന്നുമായി കുറെ രാജകുമാരന്മാരെ ക്ഷണിച്ചുവരുത്തുകയും ചെയ്തു.
രാജകുമാരന്മാർ സദസ്സിൽ നിരന്നിരുന്നു. സദസ്സിനു നടുവിലുള്ള ഒരു സ്വർണ്ണ പീഠത്തിൽ ഒരു സ്വർണ്ണ പാത്രം കമഴ്ത്തി വെച്ചിട്ടുണ്ട് ആ പാത്രത്തിൽ തൊടാതെ അതിനുള്ള തുളസിക്കതിരും സ്വർണമാലയും എടുക്കണം - ഇതായിരുന്നു പരീക്ഷണം.
എല്ലാവരും തലപുകഞ്ഞാലോചിക്കാൻ തുടങ്ങി. പക്ഷേ, ആർക്കും ഒരു ബുദ്ധിയും തോന്നിയില്ല. തടിമാടന്മാരാണെങ്കിലും മഹാ മണ്ടന്മാരാണ് രാജകുമാരന്മാർ എന്ന് കുമാരിക്ക് മനസ്സിലായി.
ഈ സമയത്താണ് വീരു എന്നൊരു ആട്ടിടയൻ സദസ്സിലേക്ക് കടന്നുവന്നത്. അയാളെ കണ്ടതും രാജകുമാരന്മാർ പുച്ഛത്തോടെ മുഖംതിരിച്ചു. അപ്പോൾ കുമാരിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: "കുമാരി ഞാൻ ഒരു ആട്ടിടയൻ ആണ്. എങ്കിലും ചില ജാലവിദ്യകൾ ഒക്കെ എനിക്കറിയാം. ഒന്നുരണ്ടു ജാലവിദ്യകൾ കാണിക്കാൻ എന്നെ അനുവദിക്കണം."
രാജകുമാരി സമ്മതിച്ചു. ഉടൻ കണ്ണടച്ച് കൈകൾ ചുരുട്ടി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി. എന്നിട്ട് പറഞ്ഞു: ''മൂടി വച്ചിരിക്കുന്ന തുളസിക്കതിരും സ്വർണമാലയും പക്ഷിക്കുഞ്ഞുങ്ങളായി മാറിയിരിക്കുന്നു!"
"ഉവ്വോ?" ഇതു കേട്ടപ്പോൾ രാജകുമാരിക്ക് അത്ഭുതമായി. അവൾ പക്ഷിക്കുഞ്ഞുങ്ങളെ കാണാനായി വേഗം പാത്രം ഉയർത്തി നോക്കി. ഇതുതന്നെയല്ലേ തക്കം! പീഠത്തിൽ ഇരുന്ന സ്വർണമാലയും തുളസിക്കതിരും വേരും 'ഠപ്പെ'ന്ന് കൈക്കലാക്കി. അപ്പോഴാണ് കുമാരി തനിക്കു പറ്റിയ അമളി മനസ്സിലാക്കിയത്.
ഇളിഭ്യയായി നിൽക്കുന്ന രാജകുമാരിയെ നോക്കി വീരു പറഞ്ഞു: "കുമാരി, എനിക്ക് ജാലവിദ്യകളൊന്നുമറിയില്ല. പക്ഷേ, പരീക്ഷണത്തിൽ ജയിക്കാൻ ഈ വഴി മാത്രമേ ഞാൻ കണ്ടുള്ളൂ!" കുമാരിക്ക് വീരുവിൻ്റെ ബുദ്ധി ഇഷ്ടപ്പെട്ടു. വൈകാതെ അവർ തമ്മിലുള്ള വിവാഹവും നടന്നു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com
Tags:

Post a Comment

0Comments

Post a Comment (0)