മുറിവാലൻ കുരങ്ങൻ (Murivalan Kurangu)

Mash
1 minute read
2
പണ്ടു പണ്ട് ഒരു കാട്ടിൽ ഒരു മുറിവാലൻ കുരങ്ങനുണ്ടായിരുന്നു. അവന്റെ വാൽ കടിച്ചു മുറിച്ചു കളഞ്ഞതാണ്! മുറിവാലനെ കാട്ടിലെ മറ്റു കുരങ്ങന്മാർ കളിയാക്കും.
"മണ്ടച്ചാരേ മുറിവാലാ
നിന്നെ കാണാൻ രസമില്ലാ
കടുവച്ചേട്ടൻ കടിച്ചെടുത്തൊരു
അയ്യോ, പാവം മുറിവാലാ!"
പാവം മുറിവാലൻ തന്നെ കളിയാക്കിച്ചിരിക്കുന്നവരോട് മറുത്തൊന്നും പറയാറില്ല!
ഒരു ദിവസം കാട്ടിലെ കുരങ്ങന്മാരെല്ലാം കൂടി മഴയത്ത് പുഴ കാണാനിറങ്ങി. കുത്തിയൊലിച്ചു വരുന്ന മഴവെള്ളം കണ്ടപ്പോൾ മുറിവാലൻ കുരങ്ങനൊഴികെ മറ്റെല്ലാ കുരങ്ങന്മാരും കൂടി ഒരു കൊച്ചു ചങ്ങാടമുണ്ടാക്കി, അതിൽ കയറി പുഴയിൽ അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞു നടന്ന് രസിച്ചു.
കുരങ്ങന്മാരുടെ കൂട്ടത്തിലെ കുസൃതിക്കുരങ്ങാനായിരുന്ന കുട്ടൻ കുരങ്ങൻ, പുഴയിലിരുന്ന മുറിവാലൻ കുരങ്ങനെ നോക്കി കളിയാക്കി.
"മുറിവാലാ! മുറിവാലാ!
പേടിത്തൊണ്ടൻ മുറിവാലാ!
ചങ്ങാടത്തിൽ തുഴഞ്ഞുപോകാൻ
ഞങ്ങടെ കൂടെപ്പോരുന്നോ?"
പാവം! മുറിവാലൻ കുരങ്ങൻ!  മറുപടിയൊന്നും പറയാതെ പുഴക്കരയിലുള്ള അത്തിമരത്തിൽ കയറിയിരുന്ന് അത്തിപ്പഴങ്ങൾ പറിച്ചു തിന്നുകൊണ്ടിരുന്നു.
കുട്ടൻ കുരങ്ങൻ ആർത്തുചിരിച്ചു കൊണ്ട് ചങ്ങാടത്തിലുരുന്ന് വാൽ വെള്ളത്തിലിട്ട് ഇളക്കിക്കളിക്കാൻ തുടങ്ങി. ഇതു കണ്ട് മുറിവാലൻ കുരങ്ങൻ, ഉറക്കെ വിളിച്ചുപറഞ്ഞു: "ചങ്ങാതീ! ഇങ്ങനെ വാലു വെള്ളത്തിലിട്ട് ഇളക്കരുതേ! മലവെള്ളത്തിൽ മുതലകൾ ഒഴുകിവരും! സൂക്ഷിക്കണേ!"
കുസൃതിക്കാരനായ കുട്ടൻ കുരങ്ങാനുണ്ടോ കേൾക്കുന്നു? അവൻ തന്റെ വാല് വെള്ളത്തിലിട്ട് പ്ളും പ്ളും എന്നിളക്കി !
പെട്ടെന്ന് വെള്ളത്തിനടിയിൽ നിന്നും ഒരു മുതലച്ചാർ പാഞ്ഞെത്തി കുട്ടൻ കുരങ്ങന്റെ വാലിൽ കടിച്ചു. കുട്ടൻ കുരങ്ങൻ വേദനകൊണ്ട് പുളഞ്ഞു! ഭാഗ്യത്തിന് കുട്ടൻ കുരങ്ങൻ താഴെ വീണില്ല. മറ്റു കുരങ്ങന്മാർ ഒന്നിച്ച്  കുട്ടൻ കുരങ്ങന്റെ വാൽ പിടിച്ചുവലിച്ചു. വാലിന്റെ അറ്റം മുറിഞ്ഞുവെങ്കിലും മുതലച്ചാർ പിടിവിട്ടതുകൊണ്ട് കഷ്ടിച്ചു രക്ഷപെട്ടു! പേടിച്ചുവിറച്ച കുരങ്ങന്മാർ ആഞ്ഞു തുഴഞ്ഞു ചങ്ങാടം കരയ്‌ക്കടുപ്പിച്ചു.
പിന്നീട് അവരെല്ലാവരും കൂടി മുറിവാലൻ കുരങ്ങനോട് മാപ്പു പറഞ്ഞു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com