അലാനുഷ്കയും യുവാനുഷ്കയും

Mash
2 minute read
0
അനാഥരായിരുന്നു അലാനുഷ്കയും അവളുടെ സഹോദരൻ യുവാനുഷ്കയും. ദാരിദ്യം സഹിക്കാനാകാതെ ഒരുദിവസം അവർ വീടുവിട്ടിറങ്ങി. നടന്നു തളർന്നപ്പോൾ യുവാനുഷ്ക പറഞ്ഞു: “ചേച്ചി, എനിക്ക് വല്ലാതെ ദാഹിക്കുന്നു!

“കുറച്ചുകൂടി പോയാൽ ഒരു കിണറെങ്കിലും കാണാതിരിക്കില്ല.'', അാനുഷ്ക അനിയനോ വാത്സല്യത്തോടെ പറഞ്ഞു.

അവർ വീണ്ടും നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വഴിയിൽ ഒരു പശുവിന്റെ കുളമ്പു പതിഞ്ഞിരിക്കുന്നതു കണ്ടു.അതിൽ നിറയെ വെള്ളവും. ഇതു കണ്ട് അനിയൻ പറഞ്ഞു: “ ചേച്ചി ഞാൻ ഈ കുളമ്പടയാളത്തിലുള്ള വെള്ളം കുടിച്ചോട്ടെ?'' 

“അരുത്. അത് കുടിച്ചാൽ നീ ഒരു പശുക്കുട്ടിയായി മാറും.'', അലാനുഷ്ക വിലക്കി. 

അവർ വീണ്ടും നടന്നു. സൂര്യൻ അവരുടെ തലക്കു മുകളിൽ കത്തിജ്വലിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർ ഒരു കുതിരയുടെ കുളമ്പടയാളം കണ്ടു. അതിലും നിറയെ വെള്ളമുണ്ടായിരുന്നു. അനിയൻ അതു കുടിക്കാൻ ഭാവിച്ചപ്പോൾ ചേച്ചി വീണ്ടും അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു: “നോക്ക്, അതു കുടിച്ചാൽ നീയൊരു കുതിരയായി മാറിയതു തന്നെ!''

ചേച്ചി പറഞ്ഞതു കേട്ട് അനിയൻ ഒന്നും മിണ്ടാതെ നടക്കാൻ തുടങ്ങി.

കൊടും ചൂടിൽ യുവാനുഷ്കയ്ക്ക് നടക്കാൻ പറ്റാതായി. ഏങ്ങി വലിഞ്ഞു നടക്കുന്നതിനിടെ അവൻ മറ്റൊരു കുളമ്പടിപ്പാടു കണ്ടു. അതൊരു ആടിന്റേതായിരുന്നു. അതിൽ നിറഞ്ഞിരിക്കുന്ന വെള്ളം കുടിക്കാനാഞ്ഞപ്പോൾ അലാനുഷ്ക തടഞ്ഞു. എന്നാൽ അതു കേൾക്കാതെ യുവാനുഷ്ക ആ വെള്ളം കുടിക്കാൻ തുടങ്ങി.

അദ്ഭുതം. തൊട്ടടുത്ത നിമിഷം യുവാനുഷ്ക ഒരു ആടായി മാറി. അവൻ “മേ...' എന്നു കരഞ്ഞു കൊണ്ട് അലാനുഷ്കയുടെ അടുത്ത് നിന്നു. അലോനുഷ്ക പൊട്ടിക്കരഞ്ഞു. തന്റെ അനിയനെ ഇനിയെങ്ങനെ രക്ഷിക്കും? അവൾ സങ്കടത്തോടെ അവിടെ നിന്നു. അപ്പോഴാണ് പണക്കാരനായ ഒരു വ്യാപാരി അതുവഴി വന്നത്. അയാൾ അവളോട് കാര്യമന്വേഷിച്ചു. പാവം കുട്ടി! അയാൾ മനസ്സിൽ പറഞ്ഞു.അയാൾ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോന്നു.

അവിടെ അവർ സുഖമായി കഴിഞ്ഞു പോന്നു.അങ്ങനെയിരിക്കെ ഒരു ദിവസം വ്യാപാരി വീട്ടിലില്ലാത്ത സമയത്ത് ഒരു മന്ത്രവാദിനി അവിടെ എത്തി. അവർ നല്ല വാക്കുകൾ പറഞ്ഞ് അലാനുഷ്കയെ പാട്ടിലാക്കി. എന്നിട്ട് അവളെ തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് മന്ത്രവാദിനി ഒരു ഉഗ്രരൂപിയായി മാറി. ഉറക്കെ അലറിക്കൊണ്ട് അവളെ പുഴയിലേക്ക് തള്ളിയിട്ടു. പിന്നെ മന്ത്രവാദിനി അലാനുഷ്കയുടെ രൂപത്തിലായി മാറി വീട്ടിലെത്തി. വ്യാപാരി ഇതൊന്നും അറിഞ്ഞതേയില്ല. എന്നാൽ ആടിന്റെ രൂപത്തിലായ യുവാനുഷ്ക ഇതെല്ലാം അറിയുന്നുണ്ടായിരുന്നു. ആട് നിർത്താതെ കരയുകയും ആഹാരം കഴിക്കാതിരിക്കുകയും ചെയ്തു. പിന്നെ പുറത്തേക്കിറങ്ങി ഓടി.

എന്തോ പന്തികേട് ഉണ്ടല്ലോ. വ്യാപാരി മനസ്സിൽക്കരുതി. ഉടൻ ആടിനു പിന്നാലെ പോവുകയും ചെയ്തു. പുഴക്കരയിൽ നിന്ന് ആട് അലാനുഷ്കയെ വിളിച്ച് കരയാൻ തുടങ്ങി.

“എന്റെ പ്രിയപ്പെട്ട ചേച്ചി വേഗം കയറി വരൂ... ഇല്ലെങ്കിൽ ഇവരെന്നെ കൊന്നുകളയും!

ഇതിനു മറുപടി പുഴയിൽ നിന്നും ഉയർന്നു കേട്ടു: “പ്രിയപ്പെട്ട അനുജാ, ഞാനീ പുഴയിൽ താഴ്ന്നു കൊണ്ടേയിരിക്കയാണ്.''

അലാനുഷ്കയുടെ ശബ്ദം വ്യാപാരിയും കേട്ടു. അയാൾ തന്റെ സേവകൻമാരെ വിട്ട് പുഴയിൽ നിന്നും അവളെ രക്ഷിച്ചു. തന്റെ ചേച്ചിയെ കണ്ട ആട് സന്തോഷം കൊണ്ട് മൂന്ന് തവണ മലക്കം മറിഞ്ഞു. അത്ഭുതം! ആടിന്റെ സ്ഥാനത്ത് അതാ യുവാനുഷ്ക!

ഇതെല്ലാം കണ്ട് രക്ഷപെടാൻ ശ്രമിച്ച മന്ത്രവാദിനിയെ വ്യാപാരി കുതിരക്കാലിൽ കെട്ടി ഓടിച്ചുവിട്ടു. പിന്നീടുള്ളകാലം അലാനുഷ്കയും യുവാനുഷ്കയും സന്തോഷത്തോടെ വ്യാപാരിയുടെ വീട്ടിൽ ജീവിച്ചു.

കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)