പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. മറ്റാർക്കുമില്ലാത്ത ഒരു വിശേഷമുണ്ടായിരുന്നു രാജാവിന് - തലയിലൊരു കൊമ്പ്! വലിയ കൊമ്പല്ല, ഒരു കുഞ്ഞിക്കൊമ്പ്! എങ്കിലും തലയിൽ ധാരാളം മുടിയുള്ളതുകൊണ്ട് ആർക്കും ഇതറിയില്ല. പിന്നെ കിരീടവും തലയിൽ വച്ചല്ലേ എപ്പോഴും നടപ്പ്.
എന്നാൽ ഒരാൾക്ക് ഇതറിയാമായിരുന്നു. രാജാവിൻ്റെ മുടിവെട്ടുന്ന ക്ഷുരകന്! എങ്കിലും പാവം ക്ഷുരകനുണ്ടോ ഇക്കാര്യം പുറത്തു പറയുന്നു? രാജാവിന് കൊമ്പുള്ള കാര്യം രഹസ്യമായി വച്ചില്ലെങ്കിൽ തലപോകുമെന്ന് അയാൾക്കറിയാം.
പക്ഷേ, എത്രനാൾ രഹസ്യം സൂക്ഷിക്കും? ക്ഷുരകന് അത് ആരോടെങ്കിലും പറയാതെ ഉറങ്ങാൻ പോലും പറ്റില്ലെന്നായി. എപ്പോഴും നാക്ക് ചൊറിയുന്നത് പോലെ.
ഒടുവിൽ സഹികെട്ട് ക്ഷുരകൻ ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങി. നടന്ന് നടന്ന് അയാൾ ഒരു മുളങ്കാട്ടിലെത്തി. കാറ്റത്ത് മെല്ലെ തലയാട്ടി നിൽക്കുന്ന മുളങ്കാട് കണ്ടപ്പോൾ എന്താണ് തോന്നിയതെന്നോ? തന്നെ അവ മാടി വിളിക്കുകയാണെന്ന്.
ക്ഷുരകന് സന്തോഷമായി. അയാൾ മുളങ്കാടിനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു: "രാജാവിന് തലയിൽ കൊമ്പുണ്ടേ.... കുഞ്ഞിക്കൊമ്പ് !"
കാറ്റത്ത് മുളകളാടി. ആടുമ്പോൾ അവയിൽ നിന്ന് ശബ്ദം പുറപ്പെട്ടു. മുളങ്കാട് "ശരി, ശരി" എന്നു പറയുന്നതുപോലെ ക്ഷുരകന് തോന്നി.
ഹാവൂ, കുറെ പേരോടെങ്കിലും രഹസ്യം പറഞ്ഞല്ലോ. ക്ഷുരകന് സന്തോഷമായി. അയാൾ വീട്ടിലേക്ക് മടങ്ങി.
കുറച്ചു കാലം കഴിഞ്ഞു. നാട്ടിൽ ഉത്സവകാല മായി. ഉത്സവത്തിന് കൊമ്പും കുഴലും പെപ്പരപ്പേയുമൊക്കെ വേണമല്ലോ. ചിലർ കാട്ടിൽ ചെന്ന് ആ മുളങ്കാട് വെട്ടിക്കൊണ്ടുവന്നു. അതുകൊണ്ടു കൊമ്പും കുഴലും ഓടക്കുഴലുമൊക്കെ ഉണ്ടാക്കി.
കൊട്ടാരത്തിന് മുന്നിൽ നിന്നാണ് ഉത്സവഘോഷയാത്ര തുടങ്ങുന്നത്. വാദ്യക്കാർ അവിടെ വരിവരിയായി നിന്നു. ഘോഷയാത്ര കാണാൻ രാജാവും രാജ്ഞിയും കൊട്ടാരത്തിലെ മട്ടുപ്പാവിൽ വന്നുനിന്നു.
ഒരാൾ കുഴൽ വിളിച്ചു. മറ്റൊരാൾ കൊമ്പ് വിളിച്ചു. മൂന്നാമതൊരാൾ ഓടക്കുഴൽ വിളിച്ചു. പക്ഷേ കൊമ്പും കുഴലും ഓടക്കുഴലുമൊക്കെ പാടിയത് എന്താണെന്നോ?
"രാജാവിന് കൊമ്പുണ്ടേ..... കുഞ്ഞിക്കൊമ്പ്!" എന്ന്.
രാജാവിനിതുകേട്ട് ദേഷ്യം വന്നു. പക്ഷേ ആരെ ശിക്ഷിക്കും?
അങ്ങനെ രാജാവിൻ്റെ രഹസ്യം അങ്ങാടിപ്പാട്ടായി. ക്ഷുരകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തലപോകാതെ തന്നെ രഹസ്യം എല്ലാവരും അറിഞ്ഞല്ലോ.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com