
അങ്ങനെയിരിക്കെ ഒരു ദിവസം ജ്ഞാനകീർത്തി ദൂരെയൊരു സ്ഥലത്തേയ്ക്ക് ഒരു കാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് പോവുകയായിരുന്നു. അപ്പോഴാണ് വഴിയിലൊരിടത്ത് അവശനായ ഒരു യുവാവ് വീണുകിടക്കുന്നത് കണ്ടത്.
ജ്ഞാനകീർത്തി അടുത്തെത്തിയപ്പോൾ യുവാവ് ദയനീയമായി കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു:"മഹാത്മാവേ വിശന്നു തളർന്ന് വഴിയിൽ വീണ് പോയതാണ് ഞാൻ. എന്നെ എഴുന്നേൽക്കാൻ സഹായിക്കണേ!"
അതു കണ്ട് അലിവുതോന്നിയ ജ്ഞാനകീർത്തി കുതിരപ്പുറത്തു നിന്ന് താഴെയിറങ്ങി. എന്നീട്ട് യുവാവിനെ എഴുന്നേൽക്കാൻ സഹായിച്ചു. തന്റെ കൈവശം പൊതിഞ്ഞുസൂക്ഷിച്ചിരുന്ന ഭക്ഷണപ്പൊതി അദ്ദേഹം അവന് കഴിക്കാനായി നീട്ടി. അടുത്ത നിമിഷം ആ ഭക്ഷണപ്പൊതിയുമായി യുവാവ് ജ്ഞാനകീർത്തിയുടെ കുതിരപ്പുറത്തേയ്‌ക്ക് ചാടിക്കയറി. എന്നീട്ട് അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചുകൊണ്ട് അവിടന്ന് കുതിച്ചു പാഞ്ഞു!.
വൃദ്ധനായ ജ്ഞാനകീർത്തിയ്‌ക്ക് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളു. എന്നാൽ അദ്ദേഹം ഉറക്കെ അവനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു:"യുവാവേ, എന്റെ കുതിരയും ഭക്ഷണവും കൊണ്ടുപോയ്‌ക്കോളൂ....പക്ഷേ ഒപ്പം ഈ വാക്കുകളും കൊണ്ടുപോകൂ!"
അതുകേട്ട് കുറച്ചകലെ ആ യുവാവ് കുതിരയെ നിർത്തി. എന്തായിരിക്കും വൃദ്ധൻ കൊണ്ടുപോകാൻ പറഞ്ഞ വാക്കുകൾ എന്നറിയാൻ അവന് ഉത്കണ്ഠയായി.
അപ്പോൾ ജ്ഞാനകീർത്തി ഇങ്ങനെ പറഞ്ഞു: "നിന്റെ തട്ടിപ്പ് അസ്സലായി! പക്ഷേ ഇങ്ങനെ തട്ടിച്ച കാര്യം ലോകത്ത് ആരോടും പറയരുതേ!"
"ഹി! ഹി! ഹി! പറഞ്ഞാലെന്താ, ആളുകൾ എന്നെ ശിക്ഷിക്കുമോ?" പുച്ഛത്തോടെ യുവാവ് ചോദിച്ചു.
"അതല്ല!" ജ്ഞാനകീർത്തി പറഞ്ഞു: "വഴിയിൽ അവശത അഭിനയിച്ചു കിടന്ന് നീ ഒരാളെ പറ്റിച്ചത് കേട്ടാൽ ആളുകൾ പിന്നെ വഴിയിൽ അങ്ങനെ കിടക്കുന്ന പാവങ്ങളേയും സംശയിക്കും. യഥാർത്ഥത്തിൽ തളർന്നു വഴിയിൽ കിടക്കുന്നവർക്കും പിന്നെ ആളുകൾ സഹായമൊന്നും ചെയ്യാതാവും!" ഇപ്പോൾ നീ ചെയ്ത ചതി എന്നെ മാത്രമേ ബുദ്ധിമുട്ടിച്ചിട്ടുള്ളൂ.എന്നാൽ ഇക്കാര്യം പറഞ്ഞുപരത്തി കേമനാകാൻ ശ്രമിച്ചാൽ അത് ഒട്ടേറെ പാവങ്ങൾക്ക് ഭാവിയിൽ ബുദ്ധിമുട്ടാവും! ശരി, ഇനി പൊയ്‌ക്കോളൂ!"
ജ്ഞാനകീർത്തിയുടെ വാക്കുകൾ കേട്ട് യുവാവ് അതുഭുതപ്പെട്ടു. തന്റെ നഷ്ടത്തെ സഹിച്ചുകൊണ്ട് ലോകത്തിന് നല്ലതുമാത്രം വരുത്താൻ ആഗ്രഹിക്കുന്ന ആ മനുഷ്യനെ ചതിക്കാൻ അവന് മനസ്സുവന്നില്ല. ജ്ഞാനകീർത്തിയ്‌ക്ക് കുതിരയും ഭക്ഷണപ്പൊതിയും തിരികെ നൽകിയീട്ട് അവൻ അദ്ദേഹത്തോട് മാപ്പു ചോദിച്ചു. അന്നുമുതൽ അവൻ നല്ലവനായിത്തീരുകയും ചെയ്‌തു.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com(alert-success)